വരവും പോക്കും തുടരുന്നു; അസമില്‍ ബിജെപി എം പി പാര്‍ട്ടി വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ പാര്‍ട്ടികളില്‍ സീറ്റ് കിട്ടാത്ത എംപി മാരുടെയും നേതാക്കളുടെയും പാര്‍ട്ടി മാറ്റം തുടരുന്നു. മത്സരിക്കാന്‍ സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് അസമില്‍ സിറ്റിങ് എം പി യും മുതിര്‍ന്ന  ബിജെപി നേതാവുമായ റാം പ്രസാദ് ശര്‍മ്മ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.

ഇത്തവണ സീറ്റ് നല്‍കാതെ പാര്‍ട്ടി  അവഗണിച്ചെന്നും തന്നെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നതെന്നും റാം പ്രസാദ് ശര്‍മ്മ പ്രഖ്യാപിച്ചു. നിലവില്‍ തേസ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് റാം പ്രസാദ് ശര്‍മ്മ.  ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി സി ഖണ്ഡൂരിയുടെ മകന്‍ മനീഷ്  ഖണ്ഡൂരി ഇന്ന് രാവിലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഇതിനു പിന്നാലെ തന്നെയാണ്  ഉത്തര്‍പ്രദേശിലെ ബിജെപി എം പി ശ്യാമചരണ്‍ ഗുപ്ത പാര്‍ട്ടി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അലഹബാദില്‍ നിന്നുള്ള ബിജെപി എം പിയായ ശ്യാമചരണ്‍ ഗുപ്തയും ഇത്തവണ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

ശ്യാമചരണ്‍ ഗുപ്തയെ ബാന്ദ  മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എസ്പി പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടതായിരുന്നു ഇന്നത്തെ മറ്റൊരു രാഷ്ട്രീയ നീക്കം. കര്‍ണാടകയില്‍ ജെഡിഎസിന്റെ സീറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച ഡാനിഷ് അലി അപ്രതീക്ഷിതമായാണ് ബിഎസ്പിയില്‍ ചേര്‍ന്നത്.

അതേ സമയം ഒഡീഷയില്‍ ബിജെഡി എം പി ബലഭദ്ര മാജി പാര്‍ട്ടി വിട്ട് ഇന്ന് ബിജെപിയില്‍ എത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top