സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് യുഡിഎഫിന് വെല്ലുവിളിയാകില്ലെന്ന് ബെന്നി ബെഹനാന്‍

സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് യുഡിഎഫിന് വെല്ലുവിളിയാകില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ചാലക്കുടിയിലും എറണാകുളത്തും യുഡിഎഫിന് പ്രതിസന്ധിയില്ല. പി ജെ ജോസഫിന അനുനയിപ്പിക്കാന്‍ കഴിയുമെന്നും ബെന്നി ബെഹനാന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
ചാലക്കുടിയിലെ മത്സരം സംബന്ധിച്ച് യുഡിഎഫിന് ആശങ്കയില്ല. ചാലക്കുടിയില്‍ നല്ല ഭൂരിപക്ഷത്തോടുകൂടി യുഡിഎഫ് ജയിക്കും. അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉള്ളത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നാല് എംഎല്‍എമാരുള്ള മണ്ഡലമാണ് ചാലക്കുടി. വിജയം യുഡിഎഫിനൊപ്പമാകുമെന്നും ബെന്നി ബെഹനാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരാതെ ഒരു നേതാവും പരസ്യമായി പ്രചരണ രംഗത്തേക്ക് ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തിലും ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അതാണ് കോണ്‍ഗ്രസിന്റെ നയം. കേരള കോണ്‍ഗ്രസിലേത് അവരുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നമാണ്. അത് പരിഹരിക്കാനുള്ള രാഷ്ട്രീയമായ പക്വത അവര്‍ക്കുണ്ടെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതയും വൈകാന്‍ പാടില്ലായിരുന്നുവെന്നും കുറച്ചു കൂടി ജാഗ്രത ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും സുധീരന്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here