സോളാര്‍ ആരോപണവിധേയര്‍ മത്സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥി ആകുമെന്ന് പരാതിക്കാരി; തെളിവ് പുറത്തുവിട്ട് പ്രചാരണം നടത്തും

സോളാര്‍ കേസില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയാകുമെന്ന് പരാതിക്കാരി. തെളിവുകള്‍ പുറത്തുവിട്ടു പ്രചാരണം നടത്തുമെന്നും പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികക്കായി കാത്തിരിക്കുകയാണെന്നും അതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലുമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. തന്നെ പീഡിപ്പിച്ച നാലു പേരും (ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍) മത്സരിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയാകും മത്സരിക്കുക. മറ്റ് മൂന്നു പേര്‍ക്കുമെതിരെ തെളിവുകള്‍ പുറത്തുവിട്ട് പ്രചാരണം നടത്തും. ഉമ്മന്‍ചാണ്ടി പിന്മാറി മറ്റു മൂന്നു പേര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ കെ സി  വേണുഗോപാലിനെതിരെയാകും താന്‍ സ്ഥാനാര്‍ത്ഥിയാകുക. മറ്റ് രണ്ടു പേര്‍ക്കുമെതിരെ പ്രചരണം നടത്തുമെന്നും അവര്‍ സാധ്യതകള്‍ വ്യക്തമാക്കി.

ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയോടെ ആയിരിക്കില്ല താന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ഉയരാനിടയുണ്ട്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഒറ്റക്കായിരിക്കും താന്‍ മത്സരിക്കുക. നീതി നിഷേധിക്കപ്പെട്ടവളാണ് താന്‍. നീതി ലഭിക്കുക എന്നത് ഏതൊരു സ്ത്രീയുടേയും അവകാശമാണ്. അതിനു വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നേരത്തേ നല്‍കിയ പരാതിയായിരുന്നു അത്. ഗുണകരമായ നടപടി ഉണ്ടാകാത്തതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ലൈംഗീക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതില്‍ ഹൈബി ഈഡന്‍ എറണാകുളത്തും അടൂര്‍ പ്രകാശ് ആലപ്പുഴയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും മത്സര രംഗത്തുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയും മറ്റ് മൂന്നു പേരും മത്സര രംഗത്തുണ്ടായാല്‍ അവര്‍ക്കെതിരെ പ്രചരണ രംഗത്തിറങ്ങുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top