Advertisement

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നീക്കം; പരീക്കര്‍ക്ക് പകരക്കാരനെ തേടി ബിജെപി

March 17, 2019
Google News 0 minutes Read

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നുമാവശ്യപ്പെട്ടാണ്  ഗവര്‍ണര്‍ മൃദുല സിന്‍ഹയെ  കോണ്‍ഗ്രസ്  സമീപിച്ചത്. നിലവിലെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത കവേല്‍ക്കര്‍ ഗവര്‍ണര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

ഗവര്‍ണറെ നേരില്‍ കാണാന്‍ അനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സര്‍ക്കാരിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  കോണ്‍ഗ്രസ് നീക്കത്തെ നേരിടാന്‍ ബിജെപി സഖ്യകക്ഷികളുടെ അടിയന്തരയോഗം ഇന്ന് വിളിച്ചിട്ടുണ്ട് . അതേ സമയം മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പകരം മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നീക്കവും ബിജെപിയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. 40 അംഗ ഗോവ നിയമസഭയില്‍ രണ്ട് എംഎല്‍എ മാര്‍ രാജിവെക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ 37 എംഎല്‍എ മാരാണുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് 14 ഉം ബിജെപി ക്ക് 13 ഉം എംഎല്‍എ മാരുമുണ്ട്. 3 വീതം എംഎല്‍എ മാരുള്ള മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ട്ടിയെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും എന്‍സിപി യുടെ ഏക എം എല്‍ എയെയും ഒരു സ്വതന്ത്രനെയും ഒപ്പം നിര്‍ത്തിയാണ് ബി ജെ പി സര്‍ക്കാരുണ്ടാക്കിയത്.

ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും സ്വതന്ത്ര എംഎല്‍എ മാരെയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ നിലവില്‍ സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ് ബി ജെ പി യുടെ പ്രതികരണം. ബിജെപി എംഎല്‍എ മാരുടെ യോഗം വിളിച്ച് നേതാക്കള്‍ സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. സഖ്യകക്ഷികളുമായി ഇന്ന് യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നീക്കങ്ങളെ ചെറുക്കാനാണ് ബിജെപി നീക്കം. അതേ സമയം സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണത്തിലേക്ക് ഗോവ പോകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here