Advertisement

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക; ശേഷിക്കുന്ന സീറ്റുകളില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷം

March 17, 2019
Google News 0 minutes Read
siddique

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണ്ണയത്തിൽ അവശേഷിക്കുന്ന നാലു സീറ്റുകളിൽ മൂന്നിൽ രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കം. ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനർത്ഥിത്വം ഉറപ്പിച്ചതായാണ് വിവരം. എന്നാല്‍ വയാനാട് സീറ്റിന് വേണ്ടി ടി സിദ്ധിക്കിന് വേണ്ടി എ ഗ്രൂപ്പും ഷാനിമോള്‍ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പും പിടിമുറിക്കിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി വയനാട്ടിൽ ഷാനിമോൾ ഉസ്‌മാന് നല്‍കി ആലപ്പുഴയില്‍ ടി സിദ്ധിക്കിനെ മത്സരിപ്പിക്കാനുള്ള ഫോര്‍മുലയില്‍ നാളെ ചർച്ച നടക്കും. ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന ചർച്ചയ്ക്ക് ശേഷം നാളെ പ്രഖ്യാപനം ഉണ്ടാകും.

എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെയാണെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് . കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ഇന്ന് രാത്രിയോടെയോ നാളെയോ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രഖ്യാപനമുണ്ടാകുമെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.  ആന്ധ്രയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായാണ് താന്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതയും വൈകാന്‍ പാടില്ലായിരുന്നുവെന്നും കുറച്ചു കൂടി ജാഗ്രത ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നെന്നുമാണ് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടും കേരള ഹൗസും കേന്ദ്രീകരിച്ച് ഒരു പകൽ മുഴുവന്‍ നീണ്ട ചർച്ചകൾക്ക് ശേഷവും നാലു സീറ്റുകളിലെ സ്ഥാനർത്ഥികളിൽ മൂന്നെണ്ണത്തില്‍ അന്തിമ ധാരണയുണ്ടാക്കാനായില്ല. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് ടെലിഫോണില്‍ സംസാരിച്ചപ്പോഴും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടി സിദ്ധിഖിന് വയനാട് നല്‍കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. വയനാടിന് പകരം വടകര നല്‍കാമെന്ന നിര്‍ദേശത്തെ ടി സിദ്ധിഖ് പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. എന്നാൽ വർഷങ്ങളായി കൈവശം വെയ്‌ക്കുന്ന സിറ്റിംഗ് സീറ്റ് വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ് . ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ നടന്ന ചര്‍ച്ചയില്‍ തര്‍ക്കം പരിഹരിക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടതോടെ പുതിയ ഫോർമുലയില്‍ നാളെ അന്തിമ ചർച്ച നിശ്ചയിച്ചത്. ഇതിനായാണ് ഉമ്മൻ ചാണ്ടി നാളെ രാവിലെ ഡൽഹിയിൽ പോകുന്നത്.

അതേസമയം ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പുതിയ ഫോര്‍മുല പ്രകാരം വയനാട് ഷാനി ഉസ്മാന് നല്‍കി ആലപ്പുഴയില്‍ ടി സിദ്ധിക്കിനെ മത്സരിപ്പിക്കാനും വടകരയില്‍ വിദ്യ ബാലകൃഷ്ണനെ നിര്‍ത്താനുമാണ് നീക്കം. ഇതിലൂടെ സാമുദായിക ഗ്രൂപ്പ്‌ സമവാക്യങ്ങളും യുവ വനിതാ പ്രാതിനിധ്യവും ഉറപ്പിക്കാമെന്ന് കണക്കുകൂട്ടുന്നു. പക്ഷെ ഇതിനോട് എ ഗ്രൂപ്പ് ഇതുവരെ യോജിപ്പ് അറിയിച്ചിട്ടില്ല. യുഡിഎഫിന് ആർ എം പി പരസ്യ പിന്തുണ സാഹചര്യത്തില്‍ വടകരയിൽ സമ്മർദ്ദമുണ്ടെങ്കിലും മൽസരിക്കാനില്ലെന്ന് മുല്ലപ്പള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here