ഇന്ത്യയിലെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കും

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേര്‍ന്ന ലോക്പാല്‍ സെലക്ഷന്‍ സമിതിയുടേതാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ സമിതിയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി എന്നിവര്‍ പങ്കെടുത്തു.
വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനമാണ് ലോക്പാല്‍. ഇതിനായി നിയോഗിക്കപ്പെടുന്ന സമിതിയില്‍ അധ്യക്ഷന് പുറമേ എട്ട് അംഗങ്ങള്‍ കൂടി ഉണ്ടാകും. സമിതിയംഗങ്ങള്‍ ആരൊക്കെ എന്ന കാര്യത്തിലും അടുത്ത ആഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സുപ്രീംകോടതി ജഡ്ജി ആകുന്നതിന് മുമ്പ് കൊല്‍ക്കത്ത ആന്ധ്രപ്രദേശ് ഹൈക്കോടതികളില്‍ സി പി ഘോഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പി സി ഘോഷ് നേതൃത്വം നല്‍കിയ ബെഞ്ചായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here