ഇന്ത്യയുടെ ആദ്യ ലോക്പാല്‍; ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി

lokpal pinaki chandra ghosh

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി. ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനം അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനത്തിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍  തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന സംവിധാനമായ ലോക്പാല്‍ വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ നടപ്പാകുന്നത്.

ജസ്റ്റിസുമാരായ ദിലീപ് ബി ഭോസ്‌ലെ, പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ്കുമാര്‍ ത്രിപാഠി എന്നിവരെ ജുഡീഷ്യല്‍ അംഗങ്ങളായും ദിനേഷ് കുമാര്‍ ജെയിന്‍, അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിംഗ്, ഡോ. ഐ പി ഗൗതം എന്നിവരെ നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ ലോക്പാലായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ  നിയമിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ലോക്പാല്‍ നിയമന സമിതി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി എന്നിവരാണ് പങ്കെടുത്തത്. തുടര്‍ന്ന് നിയമനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

സുപ്രീംകോടതി ജഡ്ജി ആകുന്നതിന് മുമ്പ് കൊല്‍ക്കത്ത, ആന്ധ്രപ്രദേശ് ഹൈക്കോടതികളില്‍ സി പി ഘോഷ് സേവനമനുഷ്ടിച്ചിട്ടുണ്ട്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പി സി ഘോഷ് നേതൃത്വം നല്‍കിയ ബെഞ്ചായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top