കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥി; എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ആര്‍എംപി

വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കാവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയാണ് കെ മുരളീധരനെന്ന് ആര്‍എംപി. എല്ലാവിധ പിന്തുണയും യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുമെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു ട്വന്റി ഫോറിനോട് പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നത് ഉറപ്പാണെന്നും വേണു വ്യക്തമാക്കി. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്തുന്നതിനായി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ആര്‍എംപി നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ വടകരയില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച സാഹചര്യത്തില്‍ എതിര്‍പ്പുമായി ആര്‍എംപി രംഗത്തെത്തുകയും ചെയ്തു. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ആര്‍എംപി നേതാവ് കെ കെ രമ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശക്തനായ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് നിര്‍ത്തിയില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന മുന്നറിയിപ്പും ആര്‍എംപി നല്‍കിയിരുന്നു.വടകരയില്‍ ജയരാജനെതിരെ മത്സരിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഹൈക്കമാന്‍ഡ് കെ മുരളീധരനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
Read Also: വടകരയില്‍ കെ മുരളീധരനെ പരിഗണിക്കുന്നത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്നാണ് ആവശ്യമുയര്‍ന്നതെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വി എം സുധീരന്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന നേതൃത്വം സമീപിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അവരും കൈക്കൊണ്ടത്. ഇതിന് പിന്നാലെ അഡ്വക്കേറ്റ് പ്രവീണ്‍ കുമാറിന്റെ പേരും വടകരയിലേക്ക് പരിഗണിച്ചു. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ ഉയര്‍ന്ന അഭ്യൂഹങ്ങളെങ്കിലും ഒടുവില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സ്ഥിരീകരണമാണ് കെപിസിസി നേതൃത്വത്തില്‍ നിന്നുമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here