ശമ്പളമില്ലെങ്കില്‍ അടുത്ത മാസം മുതല്‍ വിമാനം പറത്തില്ലെന്ന് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍

ശമ്പളമില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജോലി നിര്‍ത്തിവെച്ച് സമരം തുടങ്ങുമെന്ന് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ ശമ്പള കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ പണിമുടക്കുമെന്നാണ് പൈലറ്റുമാര്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും പൈലറ്റുമാരുടെ സംഘടന കത്തെഴുതിയിട്ടുണ്ട്. അതേ സമയം മാനസിക സമ്മര്‍ദ്ദത്തിലായ പൈലറ്റുമാര്‍ വിമാനമോടിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രശ്‌നത്തിന് വേഗം പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്ത് അയച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വെയ്‌സിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പൈലറ്റുമാര്‍ വിമാനം പറത്താനെത്തുമ്പോള്‍ എല്ലാ പ്രയാസങ്ങളും മറക്കാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ പറയുന്നത്. പൈലറ്റുമാര്‍ ഇത്രമാത്രം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സാഹചര്യത്തില്‍ യാത്ര സുരക്ഷ പ്രധാനപ്പെട്ട കാര്യമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ ഇനിയും ക്ഷമിക്കാന്‍ തയ്യാറല്ലെന്ന് കമ്പനി അധികൃതരെയും അറിയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങളായി വലിയ കടക്കെണിയിലാണ് ജെറ്റ് എയര്‍വെയ്‌സ്. പൈലറ്റുമാര്‍ ജോലിക്കെത്താതെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നാല്‍ അത് കമ്പനിക്കും യാത്രക്കാര്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കും. ജെറ്റ് എയര്‍വെയ്‌സ് കമ്പനി വിമാനങ്ങള്‍ റദ്ദാക്കിയ നടപടി, ടിക്കറ്റ് നിരക്ക് വര്‍ദ്ധന, സുരക്ഷ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും ഇടപെട്ടു കൊണ്ടിരിക്കുകയാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here