കോണ്‍ഗ്രസ് പുറത്തുവിട്ടത് നുണകളുടെ ഡയറിയെന്ന് ബിജെപി

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജെപി. കോണ്‍ഗ്രസ് പുറത്തുവിട്ടത് നുണകളുടെ ഡയറിയാണെന്നും ഒരു കടലാസ് ഉപയോഗിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്  ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.യഥാര്‍ത്ഥ രേഖകള്‍ എവിടെയെന്ന് കോണ്‍ഗ്രസ് പറയണം. ഇത്തരമൊരു രേഖ കിട്ടിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണെന്നും അതാണ് ബിജെപിക്കെതിരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കൊണ്ടു വരുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പെന്ന് അവകാശപ്പെട്ട് രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും 150 കോടി വീതം നല്‍കിയെന്നാണ്‌ യെദ്യൂരപ്പയുടെ ഡയറി ഉദ്ധരിച്ച് കാരവന്‍ റിപ്പോര്‍ട്ട് ചെയ്തത്. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടിയാണ് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. രാജ്നാഥ് സിങ്ങിന് 100 കോടിയും അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടിയും വീതം നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയില്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നല്‍കിയതായും കാരവന്‍ വ്യക്തമാക്കുന്നുണ്ട്.

ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ പണം നല്‍കിയ തീയതിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2009 ജനുവരി 17ന് പണം നല്‍കിയതായിട്ടാണ് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18നാണ്. നേതാക്കള്‍ക്ക് പണം കൈമാറിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2008-11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ. അതേ സമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച യെദ്യൂരപ്പ ഡയറിയിലെ കയ്യക്ഷരം തന്റേതല്ലെന്നും കോണ്‍ഗ്രസ് വ്യാജരേഖകളുണ്ടാക്കിയതാണെന്നും വ്യക്തമാക്കിയിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top