വര്‍ഷങ്ങള്‍ക്കു ശേഷം വിഎസ് വീണ്ടും ഫെയ്‌സ്ബുക്കില്‍; തിരിച്ചുവരവ് മോദിയെ ആക്രമിച്ച്

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അനക്കമില്ലാതിരുന്ന വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ് ബുക്ക് പേജ് ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വീണ്ടും സജീവമായി. മൂന്ന് വര്‍ഷത്തോളമായി  അനക്കമില്ലാതിരുന്ന ഒഫീഷ്യല്‍ പേജിലാണ് ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ വി എസിന്റെ മടങ്ങിവരവ്. രാജ്യം പൂര്‍ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ് മോദി രാജില്‍ നിന്നും സ്വാതന്ത്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് വി എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിനു മുമ്പ് 2016 ജൂണിലാണ് പുതിയ വാടകവീട്ടിലേക്ക് താമസം മാറുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഎസിന്റെ പേജില്‍ ഏറ്റവുമൊടുവില്‍ പോസ്റ്റ് വന്നത്.

വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top