കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ മാനേജ്‌മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരാഹ്വാനം. എംപാനല്‍ വിരുദ്ധ നടപടി മാനേജ്‌മെന്റ് അവസാനിപ്പിച്ചില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ സമരം തുടങ്ങാനാണ് തീരുമാനം.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപാനല്‍ കണ്ടക്ടര്‍മാരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്മേലാണ് ഒന്നര മാസത്തെ സമരം എംപാനല്‍ കൂട്ടായ്മ അവസാനിപ്പിച്ചത്. വ്യവസ്ഥകള്‍ പ്രകാരം ഈ മാസം 18 മുതല്‍ ഇവര്‍ ലീവ് വേക്കന്‍സിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരായി. എന്നാല്‍ ഇന്ന് മുതല്‍ ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കണ്ട എന്ന അറിയിപ്പണ് എംഡിയുടെ നിര്‍ദേശപ്രകാരം സോണല്‍ ഓഫീസര്‍മാര്‍ നല്‍കിയത്. ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

അറിയിപ്പ് ലഭിച്ച ഉടന്‍ ഡിപ്പോകളില്‍ നിന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കി. കോഴിക്കോട് സോണില്‍ മാത്രമാണ് ഈ അറിയിപ്പ് നല്‍കിയതെന്നാണ് കെഎസ്ആര്‍ടിസി എം ഡി നല്‍കുന്ന വിശദീകരണം. എം പാനലുകാരുടെ എണ്ണം കൂടുതലായതിനാല്‍ മറ്റ് സോണിലേക്ക് ഇവരെ മാറ്റാനും നിര്‍ദ്ദേശം നല്‍കിയെന്ന് എം ഡി പറയുന്നു. സര്‍ക്കാരും സമരസമിതിയുംതമ്മിലുള്ള ഒത്ത് തീര്‍പ്പ് വ്യവസ്ഥയുടെ പൂര്‍ണ്ണലംഘനമാണ് ഇപ്പോള്‍ നടന്നതെന്ന് ആരോപിച്ചാണ് എംപാനലുകാര്‍ സമരത്തിനൊരുങ്ങുന്നത്. പുതിയ സാഹചര്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്നും എംപാനല്‍ കൂട്ടായ്മ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top