പട പേടിച്ച് രാജ്യം വിട്ടോടുന്ന പടനായകനാണ് രാഹുലെന്ന് എം ബി രാജേഷ്

പട പേടിച്ച് രാജ്യം വിട്ടോടുന്ന പടനായകന്റെ അവസ്ഥയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതെന്ന് എം ബി രാജേഷ് എം പി പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയിൽ പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും എം ബി രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. വയനാട് സീറ്റിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കാൻ ആലോചിക്കുന്നതായി ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചത്.

Read Also; അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍

ഇതേ തുടർന്ന് നിലവിൽ പ്രചാരണം ആരംഭിച്ച വയനാട്ടിലെ സ്ഥാനാർത്ഥി ടി സിദ്ദിഖ് പിൻമാറാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നും മത്സരിക്കണമെന്ന തീരുമാനപ്രകാരമാണ് രാഹുൽ വയനാട് സ്ഥാനാർത്ഥിയാകുന്ന കാര്യം ആലോചിക്കുന്നത്. എന്നാൽ സോണിയ ഗാന്ധിയുമായി കൂടി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂവെന്നാണ് വിവരം. അതേ സമയം രാഹുൽ സ്ഥിരമായി മത്സരിക്കുന്ന അമേഠിയിൽ പരാജയഭീതി ഉള്ളതിനാലാണ് രാഹുൽ മറ്റൊരു മണ്ഡലം തേടുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top