സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ ക്യാമറകൾ

സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഈ ക്യാമറകൾ കണ്ടെത്തും. നാളെ മുതൽ അബഹയിൽ ക്യാമറകൾ ഉണ്ടായിരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
ഒരു വർഷം മുമ്പാണ് സൗദിയിലെ റോഡുകളിൽ പുതിയ ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിൽ ആയിരുന്നു ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. തുടർന്ന് മറ്റു പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. വാഹനത്തിൻറെ മുന്നിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. അല്ലാത്തപക്ഷം വാഹനമുടമയ്ക്ക് പിഴ ചുമത്തും. നൂറ്റിയമ്പത് മുതൽ മുന്നൂറു റിയാൽ വരെയാണ് ഈ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ. ഗതാഗത നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഓൺലൈൻ വഴി നിയമലംഘകർക്ക് ലഭിക്കും.
ഓൺലൈൻ പോർട്ടലായ അബ്ഷിറിൽ ആണ് വിവരങ്ങൾ ലഭിക്കുക. നിയമലംഘനം നടത്തിയ സമയം, സ്ഥലം, നിയമ ലംഘനത്തിന്റെ ഫോട്ടോ തുടങ്ങിയവ അബ്ഷിറിൽ ലഭിക്കും. കൂടാതെ നിയമലംഘകരുടെ മൊബൈലിൽ ഇതുസംബന്ധമായ എസ്എംഎസ് സന്ദേശവും ലഭിക്കും. ഇതു സംബന്ധിച്ച് പരാതി ഉള്ളവർക്ക് അബ്ഷിർ വഴി തന്നെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ പരാതിപ്പെടാൻ അവസരമുണ്ട്. നിയമലംഘനം രജിസ്റ്റർ ചെയ്തത് മുതൽ മുപ്പത് ദിവസത്തിനകം പരാതിപ്പെടണം. പിഴ അടച്ച നിയമലംഘനങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയില്ല. ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ സമീപകാലത്ത് സൗദി കൂടുതൽ കർക്കശമാക്കിയിരുന്നു. ഇതേതുടർന്ന് വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here