‘തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ചന്ദ്രനെ പിടിച്ചു തരുമെന്ന് വരെ പറയും’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്നുവരെ വാഗ്ദാനം നല്‍കാമെന്ന് രാം മാധവ് ട്വിറ്ററില്‍ കുറിച്ചു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനെയാണ് രാം മാധവ് പരിഹസിച്ചത്.


രാഹുലിന്റെ വാഗ്ദാനങ്ങള്‍ ആരും ഗൗരവത്തോടെ എടുക്കില്ല. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിരവധി ക്ഷേമപദ്ധതികളിലായി ദരിദ്ര വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നുണ്ട്. ഈ ജനക്ഷേമ പദ്ധതികള്‍ക്ക് പുറമേ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും രാം മാധവ് ചോദിക്കുന്നു.

Read more: എല്ലാവര്‍ക്കും നിശ്ചിത വരുമാനം; പ്രകടന പട്ടികയിലെ പദ്ധതി പുറത്ത് വിട്ട് രാഹുല്‍, വയനാടിനെ കുറിച്ച് പ്രതികരിച്ചില്ല

അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പ് വരുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എല്ലാവര്‍ക്കും പ്രതിമാസം 12,000 രൂപ ഉറപ്പാക്കുന്ന ന്യായ് എന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മിനിമം വരുമാനം പദ്ധതിയ്ക്ക് കോണ്‍ഗ്രസ് അന്തിമരൂപം നല്‍കിയത്.

രാജ്യത്തെ 20 ശതമാനം നിര്‍ധന കുടുംബങ്ങളെ ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്. 12000 രൂപ വരുമാനം ഇല്ലാത്ത കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പദ്ധതികള്‍ക്ക് ഇനി ഭാഷയുടെ വേര്‍തിരിവ് ഉണ്ടാകില്ല. ഈ കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് ഈ തുക നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ വര്‍ഷവും ഇത് ലഭിക്കും. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top