ബീഹാറിലെ ബേഗുസറായ് മണ്ഡലത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ബീഹാറിലെ ബേഗുസറായ് മണ്ഡലത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മണ്ഡലത്തില്‍ തന്നെ സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മുന്‍ ജെഎന്‍യു വിദ്യാർത്ഥി കനയ്യ കുമാർ സിപിഐ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് ഗിരിരാജ് സിംഗിന്‍റെ പിന്‍മാറ്റമെന്നാണ് സൂചന.

ഗിരിരാജ് സിംഗിന്‍റെ സിറ്റിംഗ് സീറ്റായ നവാഡക്ക് പകരമായാണ് ബേഗുസറായ് മണ്ഡലം പാർട്ടി അദ്ദേഹത്തിന് നല്‍കിയത്. എന്‍ ഡി എ സീറ്റ് വിഭജനം നന്നപ്പോള്‍ സഖ്യകക്ഷിയായ എല്‍ ജെ പിക്ക് നവാഡ വിട്ട് നല്‍കുകയും അവിടെ ചന്ദന്‍ കുമാർ സ്ഥാനാർത്ഥിയാവുകയും ചെയ്തു. മറുവശത്ത് മഹാസഖ്യം ബീഹാറില്‍ സി പി ഐക്ക് സീറ്റ് നല്‍കിയിരുന്നില്ല. പകരം ബേഗുസറായ് മണ്ഡലം ലാലു പ്രസാദ് യാദവിന്‍റെ ആർ ജെ ഡി എടുക്കുകയും തന്‍വീർ ഹസ്സനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Read Also : സീറ്റ് നിഷേധിച്ചു; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

ഭൂമീഹാർ, മുസ്ലീം വോട്ടുകള്‍ കാര്യമായുള്ള മണ്ഡലത്തില്‍ നിന്ന് ഭൂമിഹാറുകാരനായ ഗിരിരാജ് സിംഗ് മത്സരിച്ചാല്‍ വിജയിക്കുമെന്നായിരുന്നു ബി ജെ പിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ബീഹാറില്‍ മഹാസഖ്യത്തിന് പുറത്ത് നിന്ന് മത്സരിക്കാന്‍ സി പി ഐ തീരുമാനിക്കുകയും കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഭൂമിഹാർ വിഭാഗത്തില്‍ നിന്നുള്ള കനയ്യ കുമാറും മത്സര രംഗത്ത് വന്നതോടെ ഭൂമിഹാർ വോട്ടുകള്‍ ഭിന്നിക്കുമെന്നുറപ്പായി. ഇതോടെയാണ് ഗിരിരാജ് സിംഗ് ബേഗുസറായില്‍ മത്സരിക്കുന്നതിലെ അതൃപ്തി നേതൃത്വത്തെ അറിയിച്ചത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും മണ്ഡലം മാറുന്ന കാര്യത്തില്‍ അദ്ദേഹം അന്തിമ തീരുമാനം എടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top