പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കത്തിന് താൽക്കാലിക പരിഹാരം

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കത്തിന് താൽക്കാലിക പരിഹാരം.ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്കം താൽക്കാലികമായി പരിഹരിക്കാനുള്ള തീരുമാനങ്ങളെടുത്തത്. പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഓർത്തഡോക്‌സ്,യാക്കോബായ വിഭാഗങ്ങൾക്ക് പ്രാർത്ഥനയ്ക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്.പള്ളിയുടെ താക്കോൽ വില്ലേജ് ഓഫീസറോ മറ്റേതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ സൂക്ഷിക്കും.ജില്ലാ കളക്ടറുടെ ഉത്തരവ് അംഗീകരിച്ച് ഇരുവിഭാഗവും സമരം അവസാനിപ്പിച്ചിട്ടുണ്ട്.

ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പ്രാർത്ഥനയ്ക്കുള്ള സമയം രാവിലെ 6 മുതൽ 8.45 വരെയും യാക്കോബായ വിഭാഗത്തിന്റെ സമയം 9 മുതൽ 12 വരെയും ആയി നിശ്ചയിച്ചു. പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. ആരാധനയ്ക്ക് അനുവദിച്ച സമയത്ത് മാത്രമേ പള്ളി തുറക്കുകയുള്ളൂ. വിവാഹം, മരണം പോലുളള പ്രത്യേക സന്ദർഭങ്ങൾ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധി ഉണ്ടാകുന്നതു വരെ ഈ രീതി പിന്തുടരാനും തീരുമാനമായി.

ശനിയാഴ്ച ഓർത്തഡോക്‌സ് വിഭാഗം പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ പ്രവേശിക്കാനെത്തിയപ്പോൾ യാക്കോബായ വിഭാഗം ഇതിനെതിരെ രംഗത്തുവരുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മുൻപ് ഉണ്ടായിരുന്ന പോലെ ആരാധന നടത്താമെങ്കിലും പള്ളി വിട്ടു കൊടുക്കാൻ അനുവദിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഇരു സഭാപ്രതിനിധികളും പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top