ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക നൽകാതെ യുഎൻഎ; നഴ്‌സുമാരിൽ നിന്ന് പിരിച്ചത് 22 ലക്ഷം രൂപ

പ്രളയദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയിലും നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ വെട്ടിപ്പ്. നഴ്സുമാരിൽ നിന്നും മുംബൈ ആസ്ഥാനമായ സംഘടനയിൽ നിന്നും 32 ലക്ഷം രൂപയാണ് യുഎൻഎ പിരിച്ചെടുത്തത്. എന്നാൽ പ്രളയദുരിതാശ്വാസ നിധിയിലേക്ക് 11 ലക്ഷം രൂപമാത്രമാണ് പിരിച്ചത് എന്നായിരുന്നു സംഘടനയുടെ അധ്യക്ഷൻ ജാസ്മിൻഷായുടെ വിശദീകരണം. ഈ തുക പോലും ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടില്ല

കോടികളുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തിന് പിന്നാലെയാണ് പ്രളയദുരിതാശ്വാസ നിധിയിലും യുഎൻഎ ലക്ഷങ്ങൾ വെട്ടിച്ചതായി തെളിയിക്കുന്ന രേഖകൾ പുറത്തായിരിക്കുന്നത്. സംഘടനാ അംഗങ്ങളിൽ നിന്ന് 305 രൂപ വീതം ലെവി ഇനത്തിൽ 22 ലക്ഷം രൂപ പ്രളയദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് സംഘടന പിരിച്ചിരുന്നു. ഇതിനുപുറമേ മുംബൈയിലെ garware ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയിൽ നിന്ന് പത്ത് ലക്ഷം രൂപയും യുഎൻഎ പിരിച്ചെടുത്തു.

ഇങ്ങനെ 32 ലക്ഷം രൂപ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഘടന പിരിച്ചെടുത്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 11 ലക്ഷം രൂപ മാത്രമാണ് ഈയിനത്തിൽ പിരിച്ചെടുത്തതെന്നായിരുന്നു സംഘടനയുടെ അധ്യക്ഷൻ ജാസ്മിൻഷായുടെ വിശദീകരണം. ആ തുക പോലും പക്ഷേ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടില്ല. യുണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണങ്ങൾ പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് രേഖകൾ. മൂന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു.

ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top