കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതി സാനു ചാക്കോ, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളാണ് അപേക്ഷ നൽകിയത്. കുറ്റപത്രം അംഗീകരിച്ചതോടെ വിചാരണ നടപടികൾ എന്ന് ആരംഭിക്കണമെന്നതു സംബന്ധിച്ച് ഏപ്രിൽ രണ്ടിന് തീരുമാനമുണ്ടാകും.

കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പതിനാല് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം മെയ് ഇരുപത്തിയേഴിനാണ് കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

2018 മെയ് 24നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് മെയ് 27ന് നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് മെയ് 28ന് കോട്ടയത്തെ ചാലിയേക്കരയാറിൽ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top