കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍. ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.  14 ദിവസത്തേയ്ക്കാണ് റിമാൻറ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലോക്സഭ മണ്ഡലം ബി ജെ പി സ്ഥാനാർത്ഥിയാണ് പ്രകാശ് ബാബു

ശബരിമല സംഘര്‍ഷ കേസുകളിലാണ് നടപടി. ശബരിമലയിൽ അക്രമം നടത്തിയ കേസിൽ പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ റാന്നി കോടതിയില്‍ പ്രകാശ് ബാബു കീഴടങ്ങിയേക്കും എന്ന് സൂചനയുണ്ടായിരുന്നു. ശബരിമല സ്‌ത്രി പ്രവേശന വിധിക്കെതിരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞതടക്കം എട്ട്‌ കേസുകളാണ്‌ പ്രകാശ്‌ ബാബുവിനെതിരെയുള്ളത്‌. സ്ത്രീയെ തടഞ്ഞ കേസിലും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്ത കേസിലുമാണ് പ്രകാശ് ബാബുവിന് എതിരെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നത്.

പ്രകാശ് ബാബുവിനെ നാളെ ജില്ലാ കോടതിയിൽ ഹാജരാക്കും.  വധശ്രമവും ഗൂഢാലോചനയും ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top