Advertisement

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക; പതിനഞ്ചാം പട്ടികയിലും വടകരയും വയനാടും ഇല്ല

March 29, 2019
Google News 1 minute Read

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പുറത്തിറക്കിയ പതിനഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും, വടകരയും സ്ഥാനം പിടിച്ചില്ല.  ജയ സാധ്യതയുള്ള ഒരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കണമെന്നാണ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം. രാഹുൽ വയനാട്ടില്‍  നിന്ന് പിൻമാറിയാൽ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കും എന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. എന്നാല്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ ചിലര്‍ ഡല്‍ഹിയില്‍ ശ്രമിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. ആരാണ് അതിന് പിന്നില്‍ നാടകം കളിക്കുന്നതെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

ഓഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 12സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് അല്‍പം മുമ്പ് പ്രഖ്യാപിച്ചത്. വയനാടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്, എന്നാല്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്താണെന്ന് വ്യക്തമാക്കാന്‍ ഹൈക്കമാന്റ് തയ്യാറായിട്ടില്ല. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള ലിസ്റ്റിലും രണ്ട് മണ്ഡലങ്ങളും ഇടം നേടിയിട്ടില്ല.

ReadAlso: രാഹുൽ വയനാട്ടിൽ മത്സരിക്കരുത്; സമ്മർദ്ദവുമായി സ്റ്റാലിനും

വടകരയിലേയും വയനാട്ടിലേയും സ്ഥാനാര്‍ത്ഥികളെ ഒരുമിച്ച് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതില്‍ അണികള്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുമെന്നാണ് അണികളുടെ പരാതി. എന്‍സിപി ജനതാദള്‍ എന്നിവരാണ് ആദ്യം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് രംഗത്ത് വന്നതെങ്കില്‍ കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് സ്റ്റാലിനും രംഗത്ത് എത്തിയിരുന്നു. സ്റ്റാലില്‍ സോണിയയെ ഫോണില്‍ ബന്ധപ്പെട്ട് രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. വിശാല പ്രതിപക്ഷ ഐക്യത്തെ ഇത് ബാധിക്കുമെന്നാണ് സ്റ്റാലിന്റെ ആരോപണം.

Read Also: ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന നേതാക്കളുടെ സ്വത്തില്‍ വന്‍ വര്‍ദ്ധന്; മുന്‍പില്‍ ഇ ടി മുഹമ്മദ് ബഷീര്‍; കണക്കുകള്‍ പുറത്ത്
ഇനിയും കൂടുതല്‍ ഘടക കക്ഷികള്‍ രാഹുലിന് എതിരെ രംഗത്ത് വന്നേക്കും. ഇത്തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ധത്തെ എങ്ങനെ കേന്ദ്ര നേതൃത്വം നേരിടുമെന്നാണ് കേരളത്തിലെ നേതാക്കള്‍ ഉറ്റുനോക്കുന്നതും. കേരളത്തിലെ കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും മറ്റ് പാര്‍ട്ടികളല്ലെന്നുമാണ് കേരളത്തിന്റെ നേതാക്കള്‍ പറയുന്നത്. ഇടതു പക്ഷമാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ എതിരാളി. ആ നിലയ്ക്ക് കേരളത്തില്‍ രാഹുല്‍ ഇടതിന് എതിരെ മത്സരിക്കുന്നതില്‍ എന്താണ് തെറ്റെന്നം തെരഞ്ഞെടുപ്പിന്ശേഷമുള്ള സഖ്യത്തെ ഇത് ബാധിക്കുന്നത് എങ്ങനെയാണെന്നും നേതാക്കള്‍ ചോദിക്കുന്നു. കര്‍ണ്ണാടകവും കേരളവും രാഹുലിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിത്വ ലിസ്റ്റിലുണ്ടെങ്കിലും എവിടെയാണ് മത്സരിക്കുന്ന എന്ന പ്രഖ്യാപനം അനന്തമായി നീളുകയാണ്. ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. എപ്പോള്‍ തീരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് യാതൊരു അറിവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here