വയനാട്ടുകാർ വന്യമൃഗങ്ങളെ അടക്കം എതിർത്ത് തോൽപ്പിച്ച് ജീവിക്കുന്നവരാണെന്ന് കാനം

വയനാട്ടുകാർ വന്യമൃഗങ്ങളെ അടക്കം എതിർത്ത് തോൽപ്പിച്ച് ജീവിക്കുന്നവരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു രാഹുലിനെ പരോക്ഷമായി പരിഹസിച്ച് കാനത്തിന്റെ പരാമർശം. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് എൽഡിഎഫ് വളരെ മുന്നിലെത്തിയതായും കാനം പറഞ്ഞു.
Read Also; വയനാട്ടിൽ കോൺഗ്രസിന്റെ അനിശ്ചിതത്വത്തിനു കാരണം സിപിഎമ്മിന്റെ സമ്മർദ്ദമെന്ന് ശ്രീധരൻ പിള്ള
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതിരിക്കുന്നതിന് ഒരു പാർട്ടി ഡൽഹിയിൽ അന്തർനാടകങ്ങൾ നടത്തിയെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തരം താണതാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്നാവശ്യപ്പെട്ട് യുപിഎ ഘടകകക്ഷി നേതാക്കളടക്കം നേരത്തെ രംഗത്തു വന്നിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് പ്രതിപക്ഷ ഐക്യത്തിന് വിള്ളലുണ്ടാക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ അടക്കമുള്ളവർ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറിയിച്ചിരുന്നു. ഡിഎംകെ നേതാവ് സ്റ്റാലിനും രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here