മണ്ഡലം മാറി വോട്ടു ചോദിച്ചതിന് പിന്നാലെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വീണ്ടും അബദ്ധം; വോട്ടഭ്യര്‍ത്ഥിച്ച് ഇന്നലെ എത്തിയത് കോടതിയില്‍

മണ്ഡലം മാറി വോട്ടു ചോദിച്ച് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ചെറിയ പുലിവാലൊന്നുമല്ല പിടിച്ചത്. ഇപ്പോഴിതാ വോട്ടു ചോദിച്ച് അദ്ദേഹം കോടതിയില്‍ എത്തിയത് വിവാദമായിരിക്കുകയാണ്. വോട്ടഭ്യര്‍ഥിക്കാന്‍ പറവൂരിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദമായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ട് ചോദിച്ച് എത്തിയ സ്ഥാനാര്‍ത്ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു.

ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. എന്നാല്‍ കണ്ണന്താനം കോടതി മുറിയില്‍ കയറിയ സമയത്ത് ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയില്‍ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.

Read more:‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’; മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം

തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി നേതാക്കളുമുണ്ടായിരുന്നു. അതേസമയം, കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.

നേരത്തേ ചാലക്കുടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടു ചോദിച്ചത് വിവാദമായിരുന്നു. ഡല്‍ഹിയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കണ്ണന്താനം അവിടെ ഉണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ ജീവനക്കാരോടും ബന്ധുക്കളെ സ്വീകരിക്കാനെത്തിയ ആളുകളോടും വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. അവിടെ നിന്നും ആലുവയിലെത്തിയ കണ്ണന്താനം വഴിയില്‍ കണ്ടവരോടും വോട്ടു ചോദിച്ചു. ആലുവ ചാലക്കുടി മണ്ഡലത്തിലാണെന്ന് പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് മന്ത്രി അബദ്ധം തിരിച്ചറിഞ്ഞത്. ഇതേപറ്റി ട്വന്റിഫോറിനോട് പ്രതികരിച്ച അദ്ദേഹം പറഞ്ഞത് ‘വിമാനത്താവളം ആ മണ്ഡലത്തിലായത് തന്റെ കുഴപ്പമാണോ’ എന്നായിരുന്നു. താന്‍ വേറെ മണ്ഡലത്തിലാണ് ഇറങ്ങിയതെന്നും കണ്ടവരോടൊക്കെ വോട്ട് ചെയ്യണമെന്ന് പറയുകയാണ് ചെയ്തതെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top