Advertisement

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തുനീഷ്യയില്‍

March 29, 2019
Google News 0 minutes Read

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം തുനീഷ്യയില്‍ എത്തി. തുനീഷ്യന്‍ പ്രസിഡന്റ്‌ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജാവിനെ സ്വീകരിച്ചു. ഞായറാഴ്ച നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ രാജാവ് പങ്കെടുക്കും.

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം തുനീഷ്യയില്‍ എത്തിയ സല്‍മാന്‍ രാജാവിനെ പ്രസിഡന്ഷ്യല്‍ എയര്‍പോര്‍ട്ടില്‍ തുനീഷ്യന്‍ പ്രസിഡന്റ്‌ ബിജി ഖയിദ് അസ്സബ്സി പ്രധാനമന്ത്രി യൂസുഫ് ചാഹിദ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചും തുനീഷ്യന്‍ പ്രസിഡന്റുമായി രാജാവ് ചര്‍ച്ച ചെയ്യും. ഞായറാഴ്ച തുനീഷ്യയില്‍ നടക്കുന്ന മുപ്പതാമത് അറബ് ലീഗ് ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ് സംബന്ധിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ സൗദിയും തുനീഷ്യയും തമ്മിലുള്ള ബന്ധം സമീപകാലത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

നൂറ്റിതൊണ്ണൂറ് മില്യണ്‍ ഡോളറിന്റെ സൗദി നിക്ഷേപമാണ് നിലവില്‍ തുനീഷ്യയില്‍ ഉള്ളത്. 6215 പേര്‍ക്ക് ഈ പദ്ധതികള്‍ വഴി തൊഴില്‍ ലഭിക്കുന്നു. കൂടാതെ തുനീഷ്യയിലെ വികസന പദ്ധതികള്‍ക്കായി അഞ്ഞൂറ് മില്യണ്‍ ഡോളറിന്റെ സഹായം സൗദി നല്‍കി. തുനീഷ്യയിലെ പവര്‍ പ്ലാന്‍റ് പദ്ധതിക്ക് നൂറ്റി ഇരുപത്തിയൊമ്പത് മില്യണ്‍ ഡോളര്‍ സൗദി ഡവലപ്പ്‌മെന്‍റ് ഫണ്ട് ഈയടുത്ത് ലോണ്‍ അനുവദിച്ചിരുന്നു. 2015 –ല്‍ തുനീഷ്യന്‍ പ്രസിഡന്റിന്‍റെ സൗദി സന്ദര്‍ശന വേളയില്‍ സൈനിക സഹകരണം ഗതാഗത മേഖലയിലെ സഹകരണം തുടങ്ങിയവയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പു വെച്ചിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ്‌ ബിന്‍ സൗദ്, വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ്, വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി, മാധ്യമ വകുപ്പ് മന്ത്രി തുര്‍ക്കി അല്‍ ശബാന തുടങ്ങിയവര്‍ സംഘത്തിലുണ്ട്. രാജാവിന്‍റെ അഭാവത്തില്‍ ഭരണകാര്യങ്ങളുടെ ചുമതല കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനെ ഏല്‍പ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here