‘പ്രഖ്യാപനം വൈകുന്നതിൽ ആശങ്ക വേണ്ട; ഉചിതമായ തീരുമാനം ഉടൻ’: രാഹുൽ ഗാന്ധി

rahul gandhi

ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉചിതമായ തീരുമാനം ഉടന്‍ എടുക്കണമെന്നും ഹിന്ദി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്‍റെ പതിനേഴാം പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടില്ല. പ്രഖ്യാപനം വൈകുന്നതിൽ ആശങ്ക വേണ്ടെന്നും പ്രചരണത്തിലൂടെ പ്രതിസന്ധി മറികടക്കാം എന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ. രാഹുൽ വരാതിരിക്കാൻ ചിലർ ഡൽഹിയിൽ നാടകം കളിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം ഏഴാം ദിവസവും തുടരുന്നതിനിടെയാണ്, മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ ഹിന്ദി ദിനപ്പത്രത്തിന് രാഹുല്‍ ഗാന്ധി അഭിമുഖം നല്‍കിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കാനുള്ള ആവശ്യമുണ്ടെന്നും അത് ന്യായമാണെന്നും രാഹുല്‍ പറഞ്ഞു. ഈ ആവശ്യം ഉയരാന്‍ കാരണം പ്രധാനമന്ത്രി മോദിയാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുണ്ടായിരുന്ന സ്നേഹത്തിന്‍റെ പാലം ഇല്ലാതായി. ദക്ഷിണേന്ത്യയില്‍ ബിജെപി ധ്രൂവീകരണത്തിന് ശ്രമിക്കുകയാണ്. അവരുടെ ഭാഷക്കും സംസാകാരത്തിനും നേര്‍ക്ക് ഭീഷണി ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള ആവശ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇക്കാര്യത്തില്‍ എന്ന് തീരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സഖ്യകക്ഷികളുടെ സമ്മർദ്ദം രൂക്ഷമാകുന്നതാണ് തീരുമാനം അനന്തമായി നീട്ടുന്നത്. ശരത് പവാറിനും ശരദ് യാദവിനും പിന്നാലെ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും വയനാട്ടിൽ മത്സരിക്കരുത് എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ബന്ധപ്പെട്ടു. അതേ സമയം രാഹുലിന്റെ വരവ് തടയാന് ഡൽഹിയിൽ ചില പ്രസ്ഥാനങ്ങൾ അന്തർ നാടകം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രൻ പ്രതികരിച്ചു.

എന്നാല്‍ പ്രഖ്യാപനം നീളുന്നതില്‍ ആശങ്ക വേണ്ടെന്ന നിലപാടാണ് ഹൈക്കമാന്‍ഡിന്. രാഹുൽ വന്നാലും ഇല്ലെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി പ്രചരണത്തിലൂടെ മറികടക്കാം. വടകര മണ്ഡലത്തിൽ കെ മുരളീധരൻ തന്നെയാണ് സ്ഥാനാർഥി എന്നും വയനാടിനൊപ്പം പ്രഖ്യാപനം ഉണ്ടാകും എന്നും ഹൈ കമാൻഡ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം രാഹുൽ മത്സരിക്കാതിരിക്കൻ ഉയരുന്ന ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന വികാരം ഹൈകമാണ്ടിലെ ഒരു വിഭാഗം നേതാക്കളിൽ ശക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top