നീരവ് മോദിക്കെതിരായ കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കി

കോടികള്‍ തട്ടി രാജ്യം വിടുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത വജ്രവ്യാപാരി നീരവ് മോദിക്കെതിരെ അന്വേഷണം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സ്ഥലംമാറ്റം മണിക്കൂറുകള്‍ക്കുള്ളില്‍ റദ്ദാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേളയില്‍ കമ്മീഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ചട്ടലംഘനമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലംമാറ്റ നടപടി റദ്ദാക്കിയതെന്നാണ് വിവരം. ‘ദി വയറാണ്’ ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ സത്യബ്രത കുമാറിനെയാണ് ആദ്യം മുംബൈ സ്‌പെഷല്‍ ഡയറക്ടറായി സ്ഥലം മാറ്റികയും പിന്നീട് ഉത്തരവ് റദ്ദാക്കുകയും ചെയ്തത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അറിവോടെയാണ് സത്യബ്രത കുമാറിനെ ആദ്യം സ്ഥലം മാറ്റിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തുവന്നതും മണിക്കൂറുകള്‍ക്കുള്ളില്‍ റദ്ദാക്കിയതും.
സുബ്രത കുമാര്‍ ഡെപ്യൂട്ടേഷനിലാണ് ഇഡിയിലെത്തിയത്. കുമാറിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി കഴിഞ്ഞതാണ് സ്ഥലമാറ്റ നീക്കത്തിന് കാരണമായി ആദ്യം പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന കേസാണ് നീരവ് മോദിക്കെതെിരെയുള്ളതെന്നും രാഷ്ട്രീയ ഇടപെടലിനെ ചെറുക്കാന്‍ ശ്രമിച്ചതാണ് സത്യബ്രത കുമാറിനെ മാറ്റാന്‍ ശ്രമിച്ചതിന്റെ പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here