’46 ലക്ഷം രൂപ വിലവരുന്ന ഭൂമി സ്വന്തം പേരില്‍, ബാങ്കില്‍ 48,72492 രൂപ; പി കെ ശ്രീമതിയുടെ സ്വത്തുവിവരങ്ങള്‍

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിക്ക് സ്വന്തം പേരിലുള്ളത് 46 ലക്ഷം രൂപയുടെ ഭൂമി. ഭര്‍ത്താവിന്റെ പേരില്‍ 89 ലക്ഷം രൂപ വില വരുന്ന ഭൂമിയും ഉണ്ട്. ബാങ്ക് അക്കൗണ്ടില്‍ 48,72492 രൂപയാണുള്ളത്. കൈവശമുള്ളത് 5500 രൂപയാണെന്നും 3 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമുണ്ടെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ പറയുന്നു. തിരുവനന്തപുരം, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലായി പത്ത് കേസുകള്‍ ഉണ്ടെന്നും വ്യക്തമാക്കുന്നു.

അല്‍പസമയം മുന്‍പാണ് പി കെ ശ്രീമതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഐ നേതാവ് സ. രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പികെ ശ്രീമതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.

എകെജി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. എല്‍ഡിഎഫിന് വേണ്ടി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു.

പി കെ ശ്രീമതിയെ കൂടാതെ അഞ്ച് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍, കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍, എറണാകുളം സ്ഥാനാര്‍ത്ഥി പി രാജീവ്, ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എ എം ആരിഫ്, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ സമ്പത്ത് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top