തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര ക്രമക്കേട്; ഉദ്യോഗസ്ഥര്‍ കോടികളുടെ നഷ്ടം വരുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് പ്രവര്‍ത്തനങ്ങളിലും പണം ഇടപാടുകളിലും ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതിലൂടെ കോടികളുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. കരാറുകര്‍ക്ക് വഴിവിട്ട സഹായം ചെയ്തതു മുതല്‍ ഫര്‍ണീച്ചര്‍ വാങ്ങിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ട്. 2011 മുതല്‍ 2017 വരെ എസ്റ്റേറ്റ് ഡിവിഷനില്‍ നടത്തിയ ഓഡിറ്റിലാണ് വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ട്വന്റി ഫോര്‍ എക്‌സ്‌ക്ലൂസീവ്.

പുതിയതായി രൂപീകരിച്ച എസ്റ്റേറ്റ് ഡിവിഷനില്‍ 2011-2012 മുതല്‍ 2016-2017 വരെ നടത്തിയ ഇടപാടികളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിഡബ്ലു മാനുവലില്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കുമായിരുന്ന വരുമാനം നഷ്ടപ്പെട്ടു. ടെണ്ടര്‍ ലഭിച്ച ശേഷം ബോര്‍ഡുമായി കരാര്‍ ഒപ്പുവെയ്ക്കാത്ത കരാറുകാരില്‍ നിന്നും പിഴ ഈടാക്കിയില്ല. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്.

വര്‍ദ്ധിപ്പിച്ച ടെണ്ടര്‍ വിലയും നികുതിയും ഈടാക്കാതെയും അറുപത് ശതമാനം വരെ അധിക തുക നല്‍കിയും കരാറുകാരെ നിയമ വിരുദ്ധമായി ഉദ്യോഗസ്ഥര്‍ സഹായിച്ചു. കടുത്തുരുത്തി ദേവസ്വത്തിന്റെ ഭൂമിയില്‍ പതിനെട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം അഞ്ചു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. ഇതിലൂടെ രണ്ടരക്കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകള്‍, സദ്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഫര്‍ണ്ണീച്ചറുകളും കമ്പ്യൂട്ടറുകളും വാങ്ങിക്കൂട്ടി. വാങ്ങിയ ഫര്‍ണീച്ചറുകളൊന്നും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡൈനിങ് ടേബിള്‍ വാങ്ങിയതില്‍ മാത്രം 17.56 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്. 15 ലക്ഷം രൂപ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ വകമാറ്റി ഉപയോഗിച്ചതായും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസറാണ് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top