Advertisement

വികസന പ്രവർത്തനങ്ങൾക്കായി നൽകിയ തുകയിൽ 5822 കോടി രൂപ സർക്കാർ വകുപ്പുകൾ പാഴാക്കി

April 2, 2019
Google News 1 minute Read

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുകയില്‍ 5822 കോടി രൂപ സര്‍ക്കാര്‍ വകുപ്പുകള്‍ പാഴാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതികള്‍ നടപ്പാക്കാനായി നല്‍കിയ തുകയാണ് പാഴാക്കിയത്. എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ടും ചെലവാക്കിയില്ല. എന്നാല്‍ രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വകുപ്പുകള്‍ പദ്ധതി വെട്ടിക്കുറച്ചുവെന്നാണ് ആക്ഷേപം.

പ്രളയത്തിനുശേഷം സംസ്ഥാനത്തെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം കുറവ് വരുത്തിയിരുന്നു. 17720 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിച്ചത്. ഇതില്‍ 11897.2 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാര്‍ച്ച് 31 നകം വകുപ്പുകള്‍ ചെലവഴിച്ചത്. ബാക്കി 5822 കോടി രൂപ പാഴാക്കുകയായിരുന്നു. പദ്ധതികള്‍ നടപ്പാക്കാന്‍ കാലാവധി നീട്ടി നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചെലവഴിച്ചതിന്റെ പകുതിയോളം തുകയാണ് ഇങ്ങനെ പാഴായി പോയത്.

Read Also : അട്ടപ്പാടിയുടെ വികസന ഫണ്ടുകളിൽ സംസ്ഥാന സർക്കാരിന്റെ അലംഭാവം; ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ച് നാല് വർഷമായിട്ടും ഫണ്ട് അനുവദിക്കൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ

ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍, വകുപ്പുകളുടെ അടിസ്ഥാന സൗകര്യ വികസനം, നവീകരണം, കെട്ടിട നിര്‍മ്മാണം, ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പാതി വഴിയിലായി. എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 24.10 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലാകട്ടെ എട്ട് മുതല്‍ പ്ലസ് ടു വരെ നടപ്പാക്കുന്ന ആര്‍.എം.എസ്.എയ്ക്കു വേണ്ടി നീക്കിവച്ചതില്‍ 3.8 ശതമാനം മാത്രമാണ് ചെലവായത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടേയും കാലാവധി നീട്ടില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പദ്ധതി ചെലവു ചുരുക്കാന്‍ രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്നും ഇതേ തുടര്‍ന്നാണ് വകുപ്പുകള്‍ ചെലവു കുറച്ചതെന്നുമാണ് ആക്ഷേപം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here