അമിക്കസ് ക്യൂറി റിപ്പോർട്ട് പ്രാധാന്യമില്ലാത്തതെന്ന് കാനം രാജേന്ദ്രൻ

പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നുവിട്ടതിൽ വീഴ്ചയുണ്ടായെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ഒരു പ്രാധാന്യവുമില്ലാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാർ സ്വീകരിച്ച സമീപനം പൂർണമായി ശരിയായിരുന്നുവെന്ന് കേന്ദ്ര ഗവൺമെന്റും യുഎൻ കമ്മീഷൻ റിപ്പോർട്ടും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോടതിയെ സഹായിക്കാൻ വച്ചിട്ടുള്ള ഒരു സംവിധാനം മാത്രമാണ് അമിക്കസ് ക്യൂറിയെന്നും അതിന് ഒരു പ്രാധാന്യവുമില്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിൽ പ്രളയകാലത്ത് ഡാമുകൾ തുറന്നുവിട്ടതിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡാമുകൾ തുറക്കുന്നതിൽ മുന്നറിയിപ്പ് നൽകിയില്ലെന്നും ഡാം മാനേജ്‌മെന്റിൽ സർക്കാരിന് പാളിച്ച പറ്റിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്തമഴ മുൻകൂട്ടി അറിയാൻ സർക്കാരിന് സാധിച്ചില്ല. ദേശീയ കാലാവസ്ഥ മുന്നറിയിപ്പ് സർക്കാർ കാര്യമായി എടുത്തില്ല. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ടതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.പ്രളയകാലത്ത് ഡാമുകൾ തുറന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here