Advertisement

കോഴ ആവശ്യപ്പെടുന്ന വീഡിയോ; ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് എം.കെ രാഘവന്‍

April 4, 2019
Google News 0 minutes Read

താന്‍ കോഴ ആവശ്യപ്പെട്ടെന്ന തരത്തില്‍ ടിവി 9 ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കോഴിക്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എംപി യുമായ എം.കെ രാഘവന്‍. ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും എം കെ രാഘവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വ്യാജ വീഡിയോ ദൃശ്യങ്ങളാണ് തനിക്കെതിരെയായി പുറത്തുവിട്ടിരിക്കുന്നത്. വളരെ ബോധപൂര്‍വം ഗൂഡാലോചന നടത്തി തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണിത്. ഇതിനെ നേരിടുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടു വരുമെന്നും രാഘവന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി 9 ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് രാഘവന്‍ അഞ്ച് കോടി ആവശ്യപ്പെടുന്നതായാണ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

എം കെ രാഘവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി

വ്യാജവാര്‍ത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടും. ഹോട്ടലിനു സ്ഥലം വാങ്ങി നല്‍കാന്‍ താന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതായി തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണ് ,പിന്നെ സത്യാവസ്ഥ അറിയാതെ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കാരണം എനിക്ക് വ്യാജ ആരോപണത്തെ പേടിയില്ല ,എന്റെ നാട്ടുകാരെ എനിക്കും, അവര്‍ക്ക് എന്നെയും അറിയാം .

എന്റെ ഓഫിസ് നാട്ടുകാര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി വരാം. ഇതു കാലങ്ങളായി കോഴിക്കോട്ടുകാര്‍ക്ക് അറിയാം. ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് രണ്ടു പേര്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ എന്നു പറഞ്ഞ് എന്നെ വന്നുകണ്ടിരുന്നു. അവര്‍ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തില്‍ എന്റേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കോഴിക്കോട്ടെ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2009ലും 2014ലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെ പ്രചാരണത്തിനു പിന്നില്‍ ആരായും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.

എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നാട്ടുകാര്‍ക്ക് ദീര്‍ഘകാലമായി എന്നെ അറിയാം. എന്റെ രണ്ടു കൈകളും പരിശുദ്ധമാണ്. അതുകൊണ്ട് ഇതൊന്നും ഇവിടംവെച്ച് അവസാനിക്കില്ല. സഹായം ചോദിക്കുന്നവരോട് ഒരു എംപി എന്ന നിലയില്‍ എന്തു സഹായവും ചെയ്യാമെന്നേ ഇക്കാലം വരെ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ഓഫിസ് സദാ ജാഗരൂകമാണ്. അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നില്‍ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. എന്റെ ശക്തി എന്നെ അറിയുന്ന നിങ്ങള്‍ ഓരോരുത്തരുമാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here