സമാഹരിച്ചത് 70 ലക്ഷം; ലക്ഷ്യം കണ്ട് കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിംഗ്

ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിന് വേണ്ടി ഓൺലൈനായി നടത്തിയ ക്രൗഡ് ഫണ്ടിംഗ് എഴുപത് ലക്ഷത്തിലെത്തി. ഇതുവരെ അയ്യായിരത്തിലേറെ ആളുകളാണ് ക്രൗഡ് ഫണ്ടിങ്ങിലേക്ക് പണം നൽകിയത്.
നേരത്തെ 70 ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞാൽ ക്രൗഡ് ഫണ്ടിംഗ് അവസാനിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചിരുന്നു. 5325 പേർ ചേർന്ന് 7000403 രൂപയാണ് കനയ്യ കുമാറിന് സമാഹരിച്ച് നൽകിയത്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്. അവർ ഡെമോക്രസി (Our Democracy) എന്ന ക്രൗഡ്‌ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് ചിലവിലേക്ക് പണം സമാഹരിക്കുന്നത്. മഹേശ്വർ പെരി എന്ന വ്യക്തി അഞ്ച് ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ലഭിച്ച ഏറ്റവും കുറഞ്ഞ സംഭാവന 100 രൂപയാണ്.
മാർച്ച് 26 നാണ് ക്രൗഡ് ഫണ്ടിംഗ് വഴി പണം സമാഹരിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. പിന്നീട് സൈറ്റിനെതിരെ സൈബർ അറ്റാക്ക് ഉണ്ടായി. അത് പരിഹരിച്ച ശേഷമാണ് സമാഹരണം തുടർന്നത്. പണം നൽകിയവരിൽ വിദേശികളില്ലെന്നും വിദേശത്ത് നിന്നുളള സംഭാവന സ്വീകരിക്കില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here