ആനന്ദവല്ലി ശബ്ദ വൈവിധ്യംകൊണ്ട് ശ്രദ്ധേയയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: മുഖ്യമന്ത്രി

ശബ്ദ വൈവിധ്യം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു ആനന്ദവല്ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് ഡബ്ബ് ചെയ്യാന്‍ അസാധാരണ കഴിവ് അവര്‍ക്കുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ മുതല്‍ പ്രായമുള്ളവരുടെ വരെ ശബ്ദം വേറിട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ആനന്ദവല്ലിക്കായി. നാടക സിനിമാ മേഖലയില്‍ അഭിനേതാവായി ശോഭിക്കാനും അവര്‍ക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആനന്ദവല്ലിയുടെ മരണം.
‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തു. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതക്ക് വേണ്ടി ശബ്ദം നല്‍കിയതിന് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
റൗഡി രാജമ്മ, അനുപല്ലവി, അങ്ങാടി, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കള്ളന്‍ പവിത്രന്‍, തൃഷ്ണ, അഹിംസ, നാഗമഠത്തു തമ്പുരാട്ടി, ഈ നാട്, ഓളങ്ങള്‍, പടയോട്ടം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, അമൃതഗീതം, ആ ദിവസം, കുയിലിനെ തേടി, മുത്താരംകുന്ന് പി.ഒ. തുടങ്ങിയ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here