വടകര കയറാന്‍ ഒരുങ്ങുമ്പോള്‍….

അറിഞ്ഞുചെയ്യാം വോട്ട്-3
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

പോരാട്ട വീര്യങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് വടകര ലോക്‌സഭാ മണ്ഡലം. കര്‍ഷക സമരങ്ങളുടെയും ധീര രക്തസാക്ഷിത്വങ്ങളുടെയുമൊക്കെ കഥ പറയുന്ന മണ്ണ്. 2019- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വടകര ഒരുങ്ങുമ്പോള്‍ ഒന്നുറപ്പിക്കാം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ വടകര കയറാന്‍ ആവില്ല. കടുത്ത പോരാട്ടത്തിന് തന്നെയാണ് വടകര വേദിയാകുന്നതെന്ന് ചുരുക്കം.

1957- ല്‍ തുടങ്ങുന്നു മണ്ഡലത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം. അന്നുതൊട്ടിന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ മാറിയും മറിഞ്ഞും കിടക്കുന്നു വടകരയുടെ കൂറ് എന്നത് വ്യക്തം.  വടകരയ്ക്ക് ഇടത്തേയ്ക്കാണ് ചായ്വ് എന്ന് പൊതുവെ പറയാറുണ്ടെങ്കിലും  നിലവിലെ രാഷ്ട്രീയ സ്ഥിതി പൂര്‍ണ്ണമായും എല്‍ഡിഎഫിന് അനുകൂലമാണെന്ന് പറയാന്‍ പറ്റില്ല. കാര്യങ്ങള്‍ അത്രമേല്‍ മാറി മറിഞ്ഞിട്ടുണ്ട് വടകരയില്‍. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെബി മേനോനാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ ആദ്യ എംപി. 1962- ല്‍ സ്വതന്ത്രനായി മത്സരിച്ച് എവി രാഘവന്‍ വിജയിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എ ശ്രീധരന്‍ 67 -ല്‍ വിജയിയായി. 1971-ല്‍ കെപി ഉണ്ണികൃഷ്ണനിലൂടെ വടകരയില്‍ കോണ്‍ഗ്രസിന് ആദ്യ വിജയം. 77 -ല്‍ കെപി ഉണ്ണുകൃഷ്ണന്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1980- ല്‍ കെപി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് യുവിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് 84 മുതല്‍ 91 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം കോണ്‍ഗ്രസ് എസ്സിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി 1996 -ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കെപി ഉണ്ണികൃഷനെ തുണച്ചില്ല വടകരയുടെ വിധി. പിന്നീട് 2004 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയിപ്പിച്ചുകൊണ്ട് വടകര യുഡിഎഫിന് അനുകൂലമായി വിധി എഴുതി. ഈ വിജയം 2014 ലും ആവര്‍ത്തിച്ചു.

വടകര ലോക്‌സഭാ മണ്ഡലത്തെ വിലയിരുത്തുമ്പോള്‍ ആര്‍എംപിയെക്കുറിച്ചും എടുത്തുപറയേണ്ടതുണ്ട്. 2009 -ലാണ് ആര്‍എംപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. 2009 ന്റെ രാഷ്ട്രീയ ചരിത്രം പോലും മാറ്റാന്‍ ആര്‍എംപിക്ക് കഴിഞ്ഞു, അന്ന് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് 21,833 വോട്ടുകള്‍ നേടാനായി. തുടര്‍ന്ന് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം 2016- ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിപിയുടെ ഭാര്യ കെകെ രമ 20,504 വോട്ടുകളും നേടിയുന്നു. ടിപി ചന്ദ്രശേഖരന്റെ വധവും ഒഞ്ചിയം രക്തസാക്ഷിത്വവുമെല്ലാം വടകര ലോക്‌സഭാ മണ്ഡലത്തില്‍ സംഹതാപതരംഗം സൃഷ്ടിക്കുന്നുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് വടകര. അതുകൊണ്ടുതന്നെ  വടകരയിലെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ ആര്‍എംപി എന്ന പാര്‍ട്ടിയുടെ പങ്ക് ചെറുതല്ല.

തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര ലോക്‌സഭ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ മണ്ഡലങ്ങളും ഇടത്തുപക്ഷത്തിന് അനുകൂലമായിട്ടാണ് വിധി എഴുതിയത്. കുറ്റ്യാടി മാണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടായത്. 1996-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി യുഡിഎഫിനു വേണ്ടി മത്സരിച്ചെങ്കിലും സിപിഎമ്മിന്റെ ഒ ഭരതന്‍ അട്ടിമറി വിജയം നേടിയതോടെ വടകരയില്‍ ഇടത്തുപക്ഷം ചരിത്രമെഴുതി. തുടര്‍ന്ന് 98ലും 99ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ എകെ പ്രേമജനിലൂടെയും സിപിഎം വിജയം നേടി. 2004-ല്‍ പി സതീദേവിയിലൂടെയും ഇടത്തുപക്ഷം വിജയത്തിലേക്ക്.

2014- ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ആകെ വോട്ടിന്റെ 43.41 ശതമാനമാണ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫിന് നേടാനായത്. അതായത് 4,16,479 വോട്ട്. എല്‍ഡിഎഫിനു വേണ്ടി എന്‍ ഷംസിര്‍ മത്സരത്തിനിറങ്ങിയപ്പോള്‍ നേടിയത് 3,13,173 വോട്ട്. ബിജെ പി സ്ഥാനാര്‍ത്ഥി വികെ സജീവന്‍ 76,313 വോട്ടും നേടി. 3,306 വോട്ടിന്റെ കേവല ഭൂരിപക്ഷത്തില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഓരോ തെരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് നില മെച്ചപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ വടകര പിടിച്ചെടുക്കാന്‍ മുന്നണികള്‍ ശക്തമായി തന്നെ പ്രയ്തനിക്കേണ്ടി വരും.

രാഷ്ട്രീയത്തില്‍ വേണ്ടത്ര പഴക്കവും തഴക്കവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് വടകരയില്‍ ഇത്തവണ അങ്കത്തട്ടിലേക്ക് ഇറങ്ങുന്നത്. മുന്നണികളുടെ പ്രഖ്യാപനം അനുസരിച്ച് കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും പി ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും വികെ സജീവന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും വടകരയില്‍ പോരാട്ടത്തിനിറങ്ങുന്നു. 5,83,950 പുരുഷ വോട്ടര്‍മാരും 6,45,019 സ്ത്രീ വോട്ടര്‍മാരും ഏഴ് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 12,28,976 വോട്ടര്‍മാരുള്ള മണ്ഡലമാണ് വടകര. തീരദേശപ്രദേശങ്ങളിലെയും കാര്‍ഷികരംഗത്തെയും വികസനങ്ങളും അക്രമരാഷ്ട്രീയവുമെല്ലാം പ്രധാന ആയുധങ്ങളാക്കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണം വടകരയില്‍ പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഒരുകലാത്ത് സജീവപ്രാധാന്യമുണ്ടായിരുന്ന മണ്ഡലമാണ് വടകര. ഏറെ ആകാംഷയോടെ തന്നെയാണ് സംസ്ഥാനം വടകര തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top