സിഎംപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി; പ്രതിഷേധവുമായി സിഎംപി ജില്ലാ കൗണ്‍സില്‍

തർക്കത്തിലുള്ള സിഎംപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കിയതായി പരാതി. പ്രതിഷേധവുമായി സിഎംപി ജില്ലാ കൗൺസിൽ രംഗത്തെത്തി.

സിഎംപിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂരിലെ ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക മന്ദിരം ശ്രീമതിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയതാണ് പ്രതിഷേധത്തിന് വഴി തെളിച്ചത്. നിലവിൽ, എൽഡിഎഫിന്റെ 85-ാം നമ്പർ ബൂത്ത് കമ്മിറ്റി ഓഫീസായാണ് പ്രവർത്തിക്കുന്നത്. എന്നാൽ  2014ലെ തെരഞ്ഞെടുപ്പിലും സിഎംപി യുടെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്നു എന്നാണ് എതിർവിഭാഗത്തിന്റെ വിശദീകരണം.

സിഎംപി ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള ഓഫീസ് പാർട്ടി പിളർന്നപ്പോൾ 2014ൽ എൽഡിഎഫ് അനുകൂല സിഎംപി വിഭാഗം പിടിച്ചെടുക്കുകയായിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കെയാണ് സിഎംപി ഓഫീസ്  എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയതെന്നാണ് സിഎംപി ജില്ലാ സെക്രട്ടറിയുടെ പരാതി. എൽഡിഎഫ് അനുകൂല വിഭാഗം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിപിഎമ്മിൽ ചേരുകയും ചെയ്തു.

ഓഫീസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലും കെട്ടിടം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു എന്നുമാണ് മറുവിഭാഗത്തിന്റെ വിശദീകരണം. എന്നാൽ ഓഫീസ് സംബന്ധിച്ച വിഷയത്തിൽ സിഎംപി തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top