ഹല്‍വ പോല്‍ മധുരിതം അല്ല ഇത്തവണ കോഴിക്കോടന്‍ തെരഞ്ഞെടുപ്പ്

അറിഞ്ഞു ചെയ്യാം വോട്ട് 5
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

വിവാദങ്ങള്‍ വിട്ടൊഴിയാതെ ചൂടു പിടിച്ചിരിക്കുകയാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍. എങ്കിലും തെരഞ്ഞെടുപ്പിനെ ആവേശത്തോടെ തന്നെ വരവേല്‍ക്കാന്‍ വോട്ടര്‍മാരും തയാറായികഴിഞ്ഞു. മധുരത്തിന് പേരുകേട്ട കോഴിക്കോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അത്ര മധുരിതമായിരിക്കാന്‍ ഇത്തവണ തരമില്ല.

പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പില്‍ വ്യക്തമായ ചരിത്രമുണ്ട് കോഴിക്കോട് ലോക് സഭാ മണ്ഡലത്തിന്.  ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, കൊടുവള്ളി, ബേപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം. 6,13,276 പുരുഷ വോട്ടര്‍മാരും 6,51,560 സ്ത്രീ വോട്ടര്‍മാരും എട്ട് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട് കോഴിക്കോട്.

കോഴിക്കോടന്‍ മണ്ഡലത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് വരാം. കോഴിക്കോട് കേരള സംസ്ഥാനത്തിന്റെ ഭാഗമായതിന് ശേഷം 1962 ലാണ് ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതൊട്ടിന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ ബഹുദൂരം മുന്നിലാണ് യുഡിഎഫിന്റെ വിജയ വര്‍ഷങ്ങള്‍. 1962- ല്‍ മുസ്ലീം ലീഗിന്റെ സിഎച്ച് മുഹമ്മദ് കേയയിലൂടെ യുഡിഎഫ് വിജയിച്ചു. 67- ല്‍ മുസ്ലീം ലീഗിന്റെ ഇബ്രാഹിം സുലൈമാന്‍ സേട്ടിലൂടെ വീണ്ടും വലത്തുപക്ഷത്തിന് വിജയം. 71- ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് വിജയം ആവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വിഎ സയ്യദ് മുഹമ്മദിലൂടെ 1977 ലും വിജയം. എന്നാല്‍ 1980 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലത്തു പക്ഷത്തിന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം നേടാന്‍ ആയില്ല. തുടര്‍ന്ന് 1984 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെജി അടിയോടിയിലൂടെ വിജയം നേടി കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫ് തിരികെയെത്തി. തുടര്‍ന്ന് 89 ലും 91 ലും നടന്ന തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനിലൂടെ വീണ്ടും യുഡിഎഫിന് നേട്ടം.

1996- ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ കോഴിക്കോട് നിയോജക മണ്ഡലം വിധി എഴുതി. എന്നാല്‍ 98- ല്‍ പി ശങ്കരനിലൂടെ യുഡിഎഫിന് വീണ്ടും നേട്ടം. 1999 ല്‍ കെ മുരളീധരന്‍ വലത്തുപക്ഷത്തിനു വേണ്ടി മത്സരിച്ച് വിജയം നേടി. എന്നാല്‍ 2004 -ല്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2009 ലും 2014 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എം കെ രാഘവനിലൂടെ കോണ്‍ഗ്രസ് കോഴിക്കോടന്‍ മണ്ണില്‍ നിലയുറപ്പിച്ചു. എംകെ രാഘവനെ തന്നെയാണ് ഇത്തവണയും യുഡിഎഫ് കളത്തിലിറക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം രാഘവനെതിരെ ഉയര്‍ന്നുവന്ന കോഴ ആരോപണം ഇലക്ഷനില്‍ കോണ്‍ഗ്രസിന് നേരിയ തോതിലെങ്കിലും പ്രഹരം ഏല്‍പിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. തനിക്കെതിരെ ഉയര്‍ന്നു വരുന്നത് ആസൂത്രിത ഗൂഢാലോചനയാണെന്ന് വാദിക്കുമ്പോഴും കോഴആരോപണം തെരഞ്ഞെടുപ്പില്‍ എതിര്‍മുന്നണികള്‍ മുഖ്യ പ്രചരണായുധമാക്കി മാറ്റിയിരിക്കുകയാണ്.അതേസമയം 2009 -ല്‍ പയ്യന്നൂരു നിന്നും എത്തിയ എംകെ രാഘവന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വലത്തുപക്ഷത്തിന് അനുകൂലമായി വിധി എഴുതാന്‍ കോഴിക്കോടിനെ ഒരു പരിധി വരെ പ്രേരിപ്പിച്ചതും. മണ്ഡലത്തിലെ മുക്കിലും മൂലയിലുമുള്ളവരുമായി പരിചയം സമ്പാദിച്ച എംകെ രാഘവന് ഇടത്തു ചായ് വില്‍ ഉറച്ചു നില്‍ക്കുന്ന എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും 900 വോട്ടിന്റെ ലീഡ് നേടാനായത് ഇതിന് ചെറിയൊരു ഉദാഹരണം മാത്രം. എന്നാല്‍ കോഴയാരോപണം തീര്‍ത്തും പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് സാധ്യത.

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നാല് തവണയാണ് ജനങ്ങള്‍ ഇടത്തുപക്ഷത്തിന് അനുകൂലമായി വിധി എഴുതിയത്. 1980- ല്‍ സിപിഎംകാരനായ ഇകെ ഇമ്പിച്ചി ബാവയിലൂടെ എല്‍ഡിഎഫ് കോഴിക്കോട് വിജയിച്ചു. 1996 ലും 2004 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ജനദാതളിന്റെ എം പി വീരേന്ദ്ര കുമാറിലൂടെ ഇടത്തുപക്ഷം വിജയം നേടി. ഏറെ ജനകീയനായ എ പ്രദീപ് കുമാറിനെയാണ് ഇത്തവണ എല്‍ഡിഎഫ് അങ്കത്തട്ടിലേക്കിറക്കുന്നത്. കോഴവിവാദം പ്രചരണത്തിലെ വജ്രായുധമാക്കുമ്പോള്‍ ഇടത്തുപക്ഷത്തിനും ഇത്തവണ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രതീക്ഷയേറെയാണ്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള വിവിധ നിയമസഭാ മണ്ഡലങ്ങളുടെ നിലവിലെ സ്ഥിതിയും ഇടത്തുപക്ഷത്തിന് അനുകൂലമാണ്. കോഴിക്കോട് സൗത്ത് ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം തന്നെ നിലവില്‍ ഇടത്തുപക്ഷമാണ് അധികാരത്തിലുള്ളതും.

Read more:വടകര കയറാന്‍ ഒരുങ്ങുമ്പോള്‍….

ബിജെപിക്ക് ഇതുവരെയും അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബു വിനെ വിജയപ്രതീക്ഷയോടെ തന്നെയാണ് എന്‍ഡിഎയും അരങ്ങിലിറക്കുന്നത്. 2014 -ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 12.28 ശതമാനം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതായത് 1,15,760 വോട്ട്. 16,883 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എ വിജയരാഘവനെ യുഡിഎഫിന്റെ എംകെ രാഘവന്‍ പരാജയപ്പെടുത്തിയത്. മൂന്ന് മുന്നണികളും കോഴിക്കോട് ശക്തം തന്നെ. എന്തായാലും ഒന്നുറപ്പിക്കാം പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയെപ്പോള്‍ അത്ര മധുരിതമായിരിക്കില്ല കോഴിക്കോടന്‍ മണ്ഡലത്തിലെ ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top