കിഫ്ബി; വിവാദങ്ങളുണ്ടാക്കി വികസനം തടയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കിഫ്ബി വിവാദങ്ങൾക്ക് പിന്നിൽ കേരളത്തിന്റെ വികസനം തടയുകയെന്ന ലക്ഷ്യമാണെന്നും വിവാദങ്ങളിലൂടെ വികസനം തടയാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ വിവാദങ്ങൾ ഉയർത്തിയാലും വികസനം വികസനത്തിന്റെ വഴിക്ക് തന്നെ പോകും. അത് തടയാമെന്ന് ആരും വിചാരിക്കേണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്.
ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുമായി വില പേശിയല്ല കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നത്. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ അനുസരിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴിയാണ് ഫണ്ട് സമാഹരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം തടയുന്ന കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. കേരളത്തിന്റെ വികസനം തടയുക എന്നതിനൊപ്പം വിവാദത്തിന്റെ നാടാക്കി മാറ്റുകയുമാണ് പ്രതിപക്ഷ നേതാവിന്റെയും ബിജെപി നേതാക്കളുടെയും ലക്ഷ്യം. എന്നാൽ ഇതെല്ലാം വെറും ദിവാസ്വപ്‌നം മാത്രമാണെന്നും വികസനത്തെ തടയാൻ ആരു വിചാരിച്ചാലും കഴിയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Read Also; കിഫ്ബി മസാല ബോണ്ടില്‍ അഴിമതി; ബോണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിന്റെ സംരംഭമായ കിഫ്ബി മസാല ബോണ്ട് വഴി പണം സമാഹരിച്ചത് നേരത്തെ വിവാദമായിരുന്നു. കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് പണം മുടക്കിയ കനേഡിയൻ കമ്പനിയായ സിഡിപിക്യുവിന് ലാവ്‌ലിനുമായുള്ള ബന്ധമാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതോടെ മസാല ബോണ്ടിലെ നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here