റസ്സലിന് ഷാരൂഖിന്റെ ബാഹുബലി ട്രിബ്യൂട്ട്; ആഘോഷിച്ച് സോഷ്യൽ മീഡിയ

കൂറ്റനടികളിലൂടെ ടീമിനെ തുടർച്ചയായി വിജയിപ്പിക്കുന്ന ആന്ദ്രേ റസ്സലിന് ബാഹുബലി ട്രിബ്യൂട്ടുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുടമ ഷാരൂഖ് ഖാൻ. ഏപ്രിൽ അഞ്ചിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഷാരൂഖിൻ്റെ ട്രിബ്യൂട്ട്. ആ മത്സരത്തിൽ 13 പന്തുകളിൽ 7 സിക്സറുകളോടെ 48 റൺസെടുത്ത റസ്സലാണ് കൊൽക്കത്തയെ വിജയിപ്പിച്ചത്.
ബാഹുബലിയുടെ ശരീരത്തിൽ റസ്സലിൻ്റെ തല എഡിറ്റു ചെയ്ത് ചേർത്താണ് ഷാരൂഖ് റസ്സലിന് ട്രിബ്യൂട്ട് അർപ്പിച്ചത്. എല്ലാവരും നല്ല പ്രകടനം നടത്തിയെന്നും ഈ ഒരു ചിത്രം എല്ലാത്തരം അഭിനന്ദന വാക്കുകൾക്കും പകരമാണെന്നും ഉള്ള കുറിപ്പോടെയായിരുന്നു ഷാരൂഖിൻ്റെ ട്വീറ്റ്. നിരവധി റീട്വീറ്റുകളാണ് ഈ ചിത്രത്തിനു ലഭിച്ചത്.
Well played boys @KKRiders @lynny50 @NitishRana_27 @robbieuthappa . Each one in the team did so well but you all will agree all words of praise r worth less than this picture… pic.twitter.com/bak2zQ9NqD
— Shah Rukh Khan (@iamsrk) 5 April 2019
അവസാന മൂന്നോവറിൽ ജയിക്കാൻ 54 റൺസ് വേണ്ട സാഹചര്യത്തിൽ 5 പന്തുകൾ ബാക്കി നിൽക്കെ വിജയം കുറിച്ച കൊൽക്കത്ത അവിശ്വസനീയ ജയമാണ് സ്വന്തമാക്കിയത്. അതിനു മുൻപുള്ള മത്സരങ്ങളിലും ഗംഭീരമായി ബാറ്റു ചെയ്ത റസ്സൽ ടൂർണമെൻ്റിൽ ഇതു വരെ ഒരു ഫിഫ്റ്റിയും അടിച്ചിട്ടുണ്ട്. നാല് ഇന്നിംഗ്സുകളിൽ നിന്നായി 103.5 ശരാശരിയിൽ 207 റൺസ് സ്കോർ ചെയ്ത റസ്സലിൻ്റെ സ്ട്രൈക്ക് റേറ്റ് ഏകദേശം 270 ആണ്. കൊൽക്കത്തയുടെ വിജയങ്ങളിൽ റസ്സൽ വലിയ പങ്കാണ് ഇതു വരെ വഹിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here