കന്യാസ്ത്രീ പീഡനത്തിനിരയായത് 13 തവണ; ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍; ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്ത് പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 74 പേജുള്ള കുറ്റപത്രത്തില്‍ പത്തുപേരുടെ രഹസ്യമൊഴിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 83 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ചുമത്തിയത്.

2014 മെയ് 5 മുതല്‍ 2016 സെപ്തംബര്‍ 23 വരെയുള്ള കാലയളവാണ് കുറ്റംചെയ്തതായി കുറ്റപത്രത്തില്‍ രേഖപ്പെടടുത്തിയിരിക്കുന്നത്. പതിമൂന്ന് തവണ ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ശാസ്ത്രീയ തെളിവും വൈദ്യപരിശോധനയും ബിഷപ്പിന് എതിരാണ്. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 11 പേര്‍ വൈദികരാണ്. 3 ബിഷപ്പുമാര്‍ 25 കന്യാസ്ത്രീകള്‍ എന്നിവരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബിഷപ്പ് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂണ്‍ 27 നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലിസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top