ഓർമ്മയായത് കേരള രാഷ്ട്രീയത്തിലെ അതികായൻ

km mani

കേരള രാഷ്ട്രീയത്തിലെ അതികായനെയാണ് കെ.എം.മാണിയുടെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മധ്യതിരുവിതാംകൂറിലെ പരമ്പരാഗത കർഷകരുടെ ശബ്മായാണ് കെ.എം.മാണി പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയെടുത്തത് .സംഭവബഹുലമായ അദ്ദേഹത്തിൻറെ ജീവിതചിത്രത്തിലേക്ക്.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണി മാണിയാണ് ആദ്യം കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്.

പാലാ സെൻറ് തോമസ് സ്‌കൂളിലെ വിദ്യാഭ്യാസക്കാലത്ത് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്താണ് കെ.എം.മാണി സംഭവബഹുലമായ തൻറെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പാലാ സെൻറ് തോമസിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശിനാപ്പള്ളി സെൻറ് ജോസഫ്‌സ് കോളജിൽ നിന്ന് ബി എ ബിരുദവും മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടി.

Read Also : കെഎം മാണി അന്തരിച്ചു

അഭിഭാഷകനായി തുടരുകയെന്നത് കെ എം മാണിയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. 1955 ൽ പിന്നീട് ഹൈക്കോടതി ജഡ്ജിയായ പി. ഗോവിന്ദമേനോൻറെ കീഴിൽ കോഴിക്കോട്ട് അഭിഭാഷകവൃത്തി ആരംഭിച്ചു. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം തട്ടകം പാലാ സബ് കോടതിയിലേക്കും കോട്ടയം ജില്ലാ കോടതിയിലേക്കും മാറ്റി. ഇതിനിടെ പ്രമുഖ കോൺഗ്രസ് നേതാവ് പി ടി ചാക്കോയുടെ പ്രോൽസാഹനത്തിൽ സജീവരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. ഇലയ്ക്കാട് മണ്ഡലം കോൺഗ്രസിൻറെ പ്രസിഡൻറായാണ് അധികാരരാഷ്ടീയത്തിൽ ഹരിശ്രീ കുറിച്ചത്. 1959 ൽ കെ.പി.സി.സി അംഗമായ കെ എം മാണി വൈകാതെ കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയുമായി.

പി ടി ചാക്കോയുടെ മരണത്തിന് പിന്നാലെ ചാക്കോയോട് കോൺഗ്രസ് നീതിപുലർത്തിയില്ലെന്ന് ആരോപിച്ച് 1964 ഒക്ടോബർ 9 ന് കേരള കോൺഗ്രസിന് തിരുനക്കര മൈതാനിയിൽ തിരി കൊളുത്തുമ്പോൾ, ജില്ലാ പ്രസിഡൻറായിരുന്ന കെ എം മാണി കോട്ടയം ഡി സിസിയെ പൂർണ്ണമായി കേരള കോൺഗ്രസാക്കി. അങ്ങനെ കേരള രാഷ്ട്രീയത്തിൻറെ ഭാഗധേയം മാറ്റിക്കുറിച്ച കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവുമായി കെ. എം മാണി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top