തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ പൊന്നാകാന്‍ ഒരുങ്ങുമ്പോള്‍

അറിഞ്ഞുചെയ്യാം വോട്ട്-7
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
മിത്തുകളും പുരാണങ്ങളുമെല്ലാം ഇടകലര്‍ന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പൊന്നാനി. നഗരവത്കരിക്കപ്പെട്ടെങ്കിലും ഗ്രാമത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഒരിടം. കേരളത്തിലെ ഒരു പ്രാചീന തുറുമുഖ നരഗമാണ് പൊന്നാനി എന്ന് ചരിത്രപഠനങ്ങളും വ്യക്തമാക്കുന്നു. മതമൈത്രിക്കും സഹിഷ്ണതയ്ക്കുമൊക്കെ പേരുകേട്ട പ്രദേശം. പ്രാചീന കലാരൂപങ്ങളില്‍ പലതും ഇന്നും പൊന്നാനിയില്‍ സജീവമാണെന്നതാണ് ഈ നാടിന്റെ മറ്റൊരു പ്രത്യേകത. എന്തായാലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ പൊന്നാകുന്നത് ആരെന്നുള്ള കാത്തിരിപ്പിലാണ് മണ്ഡലം.
തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. കൃത്യമായ രാഷ്ട്രീയ പാരമ്പര്യവും വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രവുമുണ്ടിവിടെ. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പൊരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായി. ഒപ്പം പുതുതായി രൂപീകരിക്കപ്പെട്ട തവനൂര്‍, കോട്ടക്കല്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാവുകയും ചെയ്തു.
പൊന്നാനിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രമൊന്ന് വിലയിരുത്തി നോക്കാം. മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയെന്നാണ് പൊതുവെ പൊന്നാനിയെ വിശേഷിപ്പിക്കാറ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് മണ്ഡലത്തിലെ വിവിധ തെരഞ്ഞെടുപ്പുകളുടെ ഫലവും. 1952- ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയിലൂടെ കെ. കേളപ്പന്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ആദ്യ പാര്‍ലമെന്റ് അംഗമായി. 52 മുതല്‍ 2014 വരെ നടന്നിട്ടുള്ള പതിനഞ്ച് തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ തവണയും മുസ്ലീം ലീഗിലൂടെ വലത്തുപക്ഷമാണ് പൊന്നാനിയില്‍ അധികാരത്തിലെത്തിയിട്ടുള്ളത്. 1977 മുതല്‍ 1989 വരെ നടന്നിട്ടുള്ള നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന്റ് സ്ഥാനാര്‍ത്ഥി ജി എം ബനാത്ത്വാലയിലൂടെ യുഡിഎഫ് വിജയിച്ചു. 1991 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ഇബ്രാഹിം സുലൈമാന്‍ സേട്ടിലൂടെയും വലത്തുപക്ഷത്തിനു വിജയം. 1996 മുതല്‍ 1999 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ജി എം ബനാത്ത്വാലയിലൂടെ യുഡിഎഫ് തന്നെയാണ് വിജയം സ്വന്തമാക്കിയത്.
2004 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദിലൂടെയും യുഡിഎഫ് മണ്ഡലത്തില്‍ അധികാരത്തില്‍ എത്തി. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം, ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ (2009) ഇ ടി മുഹമ്മദ് ബഷീറിലൂടെ വീണ്ടും യുഡിഎഫിന് വിജയം. 2014 – ല്‍ ഇ ടി മുഹമ്മദ് ബഷീറിലൂടെ ഈ വിജയം യുഡിഎഫ് വീണ്ടും ആവര്‍ത്തിച്ചു. മുസ്ലീം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫിനുവേണ്ടി കളത്തിലിറങ്ങുന്നത്.ഇടത്തുപക്ഷവും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ചരിത്ര വിജയങ്ങള്‍ നേടിയിട്ടുണ്ട്. 1962- ല്‍ ഇ കെ ഇമ്പിച്ചി ബാവയിലൂടെയായിരുന്നു പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ ആദ്യ വിജയം. 1967- ല്‍ സിപിഎമ്മിന്റെ സി കെ ചക്രപാണിയിലൂടെ ഇടത്തുപക്ഷം വിജയം നേടി. തുടര്‍ന്ന് 71 -ല്‍ എം കെ കൃഷ്ണനിലൂടെയും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനായില്ലെങ്കിലും നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം സംഭിച്ചുട്ടുണ്ട്.
Read more:കാല്‍പന്തുകളിപോല്‍ ആവേശം നിറച്ച് മലപ്പുറത്ത് തെരഞ്ഞെടുപ്പും
2009-ല്‍ മണ്ഡല പുനര്‍നിര്‍ണയം നടന്നതിനു ശേഷം യുഡിഎഫിന് ലഭിക്കുന്ന ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2009-ല്‍ 82,684 വോട്ടിനായിരുന്നു യുഡിഎഫിന്റെ വിജയം. എന്നാല്‍ 2014-ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25,410 ആയി കുറഞ്ഞു. അതുപോലെതന്നെ 2016- ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത്തുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ തിരൂരങ്ങാടി, തിരൂര്‍, കോട്ടക്കല്‍, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തിയത്. അതേസമയം ഓരോ തെരഞ്ഞെടുപ്പുകളിലും ലഭിക്കുന്ന വോട്ട് വിഹിതത്തിന്റെ വര്‍ധനവ് ഇടത്തുപക്ഷത്തിന് പ്രതീക്ഷ പകരുന്നുണ്ട്. പി വി അന്‍വറിനെയാണ് ഇത്തവണ ഇടത്തുപക്ഷം അരങ്ങത്തിറക്കുന്നത്. അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടത്തുപക്ഷം.
ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനാവാത്ത മണ്ഡലമാണ് പൊന്നാനി. അതേസമയം 2014 -ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ നാരായണനിലൂടെ 75,212 വോട്ട് നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. അതായത് ആകെ വോട്ടിന്റെ 8.63 ശതമാനം. ബിജെപി സംസ്ഥാന കമ്മറ്റിയംഗം വി ടി രമയൊയാണ് എന്‍ഡിഎ ഇത്തവണ പോരാട്ടത്തിനിറക്കുന്നത്. വനിതാ വോട്ടര്‍മാര്‍ അധികമുള്ള മണ്ഡലമായതിനാല്‍ ഇത്തവണ വോട്ടുശതമാനത്തില്‍ വര്‍ധനവ് വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. 6,46,044 പുരുഷ വോട്ടര്‍മാരും 6,59,414 വനിതാ വോട്ടര്‍മാരും ആറ് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരും അടക്മാകം ആകെ 13,05,464 വോട്ടര്‍മാരാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലുള്ളത്.
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി, ‘അറിഞ്ഞു ചെയ്യാം വോട്ട്’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here