കാല്‍പന്തുകളിപോല്‍ ആവേശം നിറച്ച് മലപ്പുറത്ത് തെരഞ്ഞെടുപ്പും

അറിഞ്ഞുചെയ്യാം വോട്ട്-6
നിങ്ങളുടെ ലോക് സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
കാല്‍പന്തുകളിയെ നെഞ്ചിലേറ്റുന്ന ഒരുപറ്റം ജനത. മലപ്പുറത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം. ഫുട്‌ബോളിനെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ട് മലപ്പുറം നിവാസികള്‍. എന്നാല്‍ കളിയില്‍ മാത്രമല്ല തെരഞ്ഞെടുപ്പിലും മലപ്പുറം വേണ്ടത്ര ആവേശം കാണിക്കാറുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് യുറോപ്യന്‍മാരുടെയും ബ്രിട്ടീഷുകാരുടെയുമെല്ലാം പട്ടാള ആസ്ഥാനമായിരുന്നു മലപ്പുറം. പ്രാചീന കാലം മുതല്‍ക്കെ സൈനിക ആസ്ഥനമായിരുന്ന മലപ്പുറം ബ്രിട്ടിഷ് ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രവുമായിരുന്നു. വിത്യസ്ഥങ്ങളായ ചരിത്രമേറെയുണ്ട് മലപ്പുറത്തിന് പറയാന്‍.
എന്തായാലും മലപ്പുറം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. 2009 ലാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി. അതുവരെയും മഞ്ചേരി എന്നായിരുന്നു ഈ ലോക്‌സഭാ മണ്ഡലത്തിന്റെ പേര്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് വിലയിരുത്തുന്നതിനും മുമ്പ് മഞ്ചേരി പാര്‍ലമെന്‍റ് മണ്ഡലത്തെക്കുറിച്ച് പരിശോധിക്കുന്നതാണ് ഉചിതം. മഞ്ചേരി ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം തന്നെ ആദ്യമൊന്ന് വിലയിരുത്താം.
മുസ്ലീം ലീഗിന്റെ തട്ടകം എന്നുതന്നെ വിളിക്കാം മഞ്ചേരി ലോക്‌സഭാ മണ്ഡലത്തെ. ലീഗിന്റെ വേരുകളാണ് ഈ ലോക്‌സഭാ മണ്ഡലത്തില്‍ ഉടനീളം പടര്‍ന്നു പന്തലിച്ചിരിക്കുന്നതും. 1957-ല്‍ തുടങ്ങുന്നു മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. അന്നുതൊട്ട് 2004 ലെ പാര്‍ലമെന്റെ് ഇലക്ഷന്‍ വരെയുള്ള വിവിധ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ലീഗിന്റെ കുത്തക തന്നെയായിരുന്നു മഞ്ചേരി ലോക്‌സഭാ മണ്ഡലം എന്നു വ്യക്തം. മഞ്ചേരി മണ്ഡലത്തില്‍ നടന്നിട്ടുള്ള 13 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം ലീഗിലൂടെ വലത്തുപക്ഷം തന്നെയാണ് വിജയം നേടിയത്. എന്നാല്‍ 2004 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടു.
മഞ്ചേരി എന്ന മണ്ഡലം മല്ലപ്പുറം ലോക്‌സഭാ മണ്ഡലം എന്ന് പുനര്‍നിര്‍ണയം നടന്നതിനു ശേഷം രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ഒരു ഉപതെരഞ്ഞെടുപ്പുമാണ് ഈ മണ്ഡലത്തില്‍ നടന്നത്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ മുസ്ലീം ലീഗിലൂടെ യുഡിഎഫ് വിജയം നേടി. 2014 -ലും 2019 -ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇ അഹമ്മദാണ് മത്സരിച്ച് വിജയിച്ചത്. ഇതുവരെ നടന്നിട്ടുള്ള പാര്‍ലമെന്റ് ഇലക്ഷനുകളില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയില്‍ എത്തിയതും ഇ അഹമ്മദ് തന്നെയാണ്. അതായത് ആറ് തവണ ഈ മണ്ഡലം ഇ അഹമ്മദിനോട് കൂറ് പുലര്‍ത്തി. എന്നാല്‍ 2017- ല്‍ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. വേങ്ങരയിലെ നിയമസഭാ അംഗത്വം രാജിവെച്ച് പികെ കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.പികെ കുഞ്ഞാലിക്കുട്ടിയെ തന്നെയാണ് ഇത്തവണയും യുഡിഎഫ് കളത്തിലിറക്കുന്നത്. ഇ അഹമ്മദിനെ അപേക്ഷിച്ച്, ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം കുറവായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തിന് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. 2014 ല്‍ 4,37,723 വോട്ടുകളാണ് ഇ അഹമ്മദിന് ലഭിച്ചത്. അതായത് ആകെ വോട്ടിന്റെ 51.21 ശതമാനം. 2017 -ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വലത്തുപക്ഷ സാരഥിയായി മത്സരിച്ച പികെ കുഞ്ഞാലിക്കുട്ടി ആകെ വോട്ടിന്റെ 55.10 ശതമാനം നേടി. അതായത് 5,15,330 വോട്ട്. അതേ തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എംബി ഫൈസല്‍ 3,44,307 വോട്ടുകളും നേടി. 1,71,023 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. ഈ ഭൂരിപക്ഷം വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ അങ്ക തട്ടിലേക്ക് വീണ്ടുമിറക്കുന്നത്.
Read more:തെരഞ്ഞെടുപ്പ് ആവേശം വയനാടന്‍ ചുരം കയറുമ്പോള്‍
ഇടത്തുപക്ഷത്തിന് കാര്യമായ നേട്ടങ്ങളൊന്നും നേടാനായിട്ടില്ലെങ്കിലും ഒരിക്കല്‍ ചരിത്ര വിജയം നേടിയിട്ടുണ്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫും. അന്ന് മഞ്ചേരി എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. 2004 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സിപിഎമ്മിന്റെ ടികെ ഹംസ ഇടത്തുപക്ഷത്തിനു വേണ്ടി മലപ്പുറം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തി. ചരിത്ര നേട്ടം ആവര്‍ത്തിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എല്‍ഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്. വി പി സാനുവാണ് ഇടത്തുപക്ഷം മലപ്പുറം ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥി.
വൈകിയാണ് എന്‍ഡിഎ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെങ്കിലും സ്ഥാനാര്‍ത്ഥി വി ഉണ്ണിക്കൃഷ്ണനും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ്. മണ്ഡലത്തിലെ പുതിയ വോട്ടുകള്‍ പരമാവധി അനുകൂലമാക്കാനാണ് ഇടത്തുപക്ഷ പാര്‍ട്ടിയുടെയും എന്‍ഡിഎയുടെയും ശ്രമം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എല്ലാ മണ്ഡലങ്ങളും തന്നെ മുസ്ലീം ലീഗിന് അനുകൂലമായാണ് വിധി എഴുതിയിരിക്കുന്നത്. ഈ തരംഗം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ വിജയം വലത്തുപക്ഷത്തിന് ഉറപ്പിക്കാനാകും.
6,74,752 പുരുഷ വോട്ടര്‍മാരും 6,65791 സ്ത്രീ വോട്ടര്‍മാരും നാല് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 13,40,547 വോട്ടര്‍മാരാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. കാല്‍പന്തുകളിയെ ആവേശത്തോടെ വരവേല്‍ക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഈ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും ആവേശം ചോരാതെ തന്നെയാണ് വരവേറ്റിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here