തെരഞ്ഞെടുപ്പ് ആവേശം വയനാടന്‍ ചുരം കയറുമ്പോള്‍

അറിഞ്ഞുചെയ്യാം വോട്ട്- 4
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

കൊടുമുടിയോളം ഉയരത്തിലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശം. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് ദേശീയതല രാഷ്ട്രീയവും ദേശീയ മാധ്യമങ്ങളും വരെ ഉറ്റുനോക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഒരു പക്ഷെ പതിനേഴാം ലോക്‌സഭയില്‍ പ്രധാനമന്ത്രി പദം പോലും അലങ്കരിച്ചേക്കാവുന്ന വ്യക്തിത്വം. ഇതൊക്കെതന്നെ ധാരാളം മതി വയനാട് ലോക്‌സഭാ മണ്ഡലത്തിന് ജനശ്രദ്ധ ആകര്‍ഷിക്കാന്‍. അതുപോലെ ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും കേരളത്തില്‍ ഒന്നാമത് വയനാട് തന്നെയാണെന്നതും കൗതുകകരംതന്നെ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായി പറയത്തക്ക ചരിത്രമൊന്നും വയനാടിനില്ല. കാരണം 2009 ലാണ് വയനാട് ലോക്‌സഭാ മണ്ഡലം നിലവില്‍ വരുന്നതുതന്നെ. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധി എഴുതിയിട്ടുള്ളതാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. 2014 -ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി പതിനാറ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു വയനാട്ടില്‍. എന്നാല്‍ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസ് വിജയിച്ചു. അതായത് ആകെ വോട്ടിന്റെ 41.20 ശതമാനം ആ ഇലക്ഷനില്‍ യുഡിഎഫിന് നേടാനായി. സിപിഐയുടെ സത്യന്‍ മൊകേരിയിലൂടെ ഇടത്തുപക്ഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,56,165 വോട്ട് നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി പിആര്‍ റസ്മില്‍നാഥ് 80,752 വോട്ടും നേടി. 2009 ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംഐ ഷാനവാസിലൂടെ യുഡിഎഫ് അതിഗംഭീര വിജയം നേടിയതും.

2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പ് തന്നെ പരിശോധിക്കാം. ഉത്തര്‍പ്രദേശില്‍ നിന്നും രാഹുല്‍ ഗാന്ധി മലകളും താഴ് വരകളും കടന്ന് വയനാട് ചുരം കയറുമ്പോള്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല. വയനാട്ടില്‍ ശ്രദ്ധേയമാകുന്ന രാഹുല്‍തരംഗത്തിന്റെ അലയൊലികള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഫലിച്ചേക്കും എന്ന പ്രതീക്ഷയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനുണ്ട്. വിവിധ മുന്നണികളുടെ ദേശീയ നേതാക്കളെ ഇലക്ഷന്‍ പ്രചരണത്തിനായി കേരളത്തിലേക്കെത്തിക്കുന്നതിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പങ്കു വഹിക്കുന്നുണ്ട് എന്നുവേണം കരുതാന്‍.

Read more:വടകര കയറാന്‍ ഒരുങ്ങുമ്പോള്‍….

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിവിധങ്ങളായ നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ആധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ ഒന്നാകെ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് യുഡിഎഫ് വാദിക്കുമ്പോള്‍ എതിര്‍മുന്നണികള്‍ നിരത്തുന്നത് വിത്യസ്ഥങ്ങളായ കാരണങ്ങളാണ്. ഉത്തര്‍പ്രദേശിലെ അമേഠിയിലായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചത്.

തിലോയ്, അമേഠി, സലോണ്‍, ജഗ്ദിഷ്പൂര്‍, ഗൗരി ഗഞ്ച് എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് അമേഠി ലോക്‌സഭാ മണ്ഡലം. എന്നാല്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ മണ്ഡലങ്ങളില്‍ നിന്നും ലഭിച്ചത്. അതേസമയം അമേഠിയിലെ എസ്പി- ബിഎസ്പി സഖ്യവും കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടിയായേക്കാം. അതിനാല്‍ പരാജയഭീതി മുന്നില്‍ക്കണ്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി സുരക്ഷിത ഇടമായ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് മറ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വാദം.ബിഡിജെഎസിലെ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തുഷാര്‍ വെള്ളാപ്പള്ളി ആദ്യം തീരുമാനിച്ചിരുന്നത് തൃശ്ശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട് മത്സരിപ്പിക്കാന്‍ എന്‍ഡിഎ തീരുമാനിക്കുകയായിരുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ എന്ന നിലയിലാണ് പെതുരംഗത്ത് ശ്രദ്ധേയനാകുന്നത്. ഒരു സമുദായത്തിന്റെ കൂടി നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അങ്കത്തട്ടിലിറക്കാന്‍ തീര്‍ത്തും അനുയോജ്യനാണ് തുഷാര്‍ വെള്ളാപ്പള്ളി എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പോലും വിലയിരുത്തല്‍.

അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധി എല്‍ഡിഎഫിനെതിരെ ഒന്നും മിണ്ടാനില്ലെന്നും ബിജെപിയാണ് പ്രധാന എതിരാളിയെന്നും വ്യക്തമാക്കിയിരുന്നു. സിപിഐയുടെ പിപി സുനീര്‍ ആണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇടത്തുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്. അമേഠിയയിലെ ആദ്യ മത്സരത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി ചന്ദ്രപ്രകാശ് മിശ്രയേക്കാള്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വിലയിരുത്തല്‍. 6,55,786 പുരുഷ വോട്ടര്‍മാരും 6,45,019 സത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 13,25,788 വോട്ടര്‍മാരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. എന്തായാലും ജയപരാജയങ്ങള്‍ ആര്‍ക്കൊപ്പമായാലും ഈ തെരഞ്ഞെടുപ്പിലൂടെ വയനാട് ലോക്‌സഭാ മണ്ഡലം ചരിത്രത്താളുകളില്‍ ഇടം നേടുമെന്നുറപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top