കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

prominent personalities mark condolence on k mani death

കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ. ‘കർഷക, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവും നേടിയ മുതിർന്ന സാമാജികൻ ശ്രീ കെ എം മാണിയുടെ നിര്യാണം തികച്ചും ദു:ഖകരമാണ്. 1965 മുതൽ തുടർച്ചയായി പാല നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാനും മന്ത്രിയെന്ന നിലയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കാനായതും പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ആർജിച്ച അതുല്യമായ ജനപിന്തുണയുടെ തെളിവാണ് – ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

കെ.എം. മാണിയുടെ നിര്യാണത്തിൽ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹവുമായി അടുത്തിടപെടാനുള്ള നിരവധി സന്ദർഭങ്ങളുണ്ടായിരുന്നു. നിയമസഭാ സാമജികൻ എന്നനിലയിൽ നിരവധി വർഷത്തെ അനുഭവ സമ്പത്തുള്ള മാണി സാറിന്റെ ഇടപെടൽ ഞങ്ങൾ പുതുതലമുറക്കാർ ആദരവോടെയാണ് നോക്കിക്കണ്ടത്. കാര്യങ്ങൾ കൃത്യമായി പഠിച്ച് അത് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം അനുപമമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനുപരി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വേർപാട് എല്ലാവരേയും വേദനിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

Read Also : ഓർമ്മയായത് കേരള രാഷ്ട്രീയത്തിലെ അതികായൻ

അധ്വാന വർഗ്ഗത്തിന്റെ പോരാളി എന്ന് അറിയപ്പെടാൻ ആഗ്രഹിച്ച നേതാവാണ് കെ എം മാണിയെന്ന് കൊടിയേരിബാലകൃഷ്ണൻ. മാണിയുടെ വേർപാട് കേരള രാഷ്ട്രീയത്തിൽ തീരാനഷ്ട്ടം. എല്ലാവർക്കും ബഹുമാനപ്പെട്ട നേതാവായിരുന്നു അദ്ദേഹമെന്നും മാണിയെക്കുറിച്ചുള്ളത് നല്ല ഓർമ്മകളാണെന്നും കോടിയേരിബാലക്ഷ്ണൻ അനുസ്മരിച്ചു.

കെഎം മാണി കേരള രാഷ്ട്രീയത്തിലെ മഹാമേരുവാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘കേരളരാഷ്ട്രീയത്തിലെ അതികായനും തലമുതിർന്ന നേതാവുമായ ബഹു. കെ.എം. മാണി വിടവാങ്ങി. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ സാമാജികരിൽ അദ്വിതീയനായിരുന്നു അദ്ദേഹം. ഒരു സാമാജികൻ എന്ന നിലയിൽ തന്നിലർപ്പിതമായ കടമകൾ നിർവ്വഹിക്കുന്നതിലും സഭാനടപടികളിൽ പങ്കെടുക്കുന്നതിലും മാണിസാർ കാണിച്ച പ്രാഗത്ഭ്യം സാമാജികർക്ക് ഒരു പാഠപുസ്തകമാണ്.സ്പീക്കർ പദവി ഏറ്റെടുക്കുമ്പോൾ എന്റെ പ്രായത്തേക്കാൾ കൂടുതൽ വർഷങ്ങൾ നിയസഭയിൽ അംഗമായ ബഹു. മാണിസാറിനെ ഞാൻ പ്രത്യേകം പരാമർ ശിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ഉപദേശനിർ ദേശങ്ങൾ സഭാനടപടികൾ മാതൃകാപരമായി നടത്തുന്നതിന് ഏറെ സഹായകരമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ തന്നെ തിരുവിതാംകൂറിൻറെ ഉത്തരവാദിത്വ ഭരണ പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തു.

Read Also : റെക്കോര്‍ഡുകള്‍ തിരുത്തിയ കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കെ.പി.സി.സി. അംഗം; കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് സ്ഥാപകാംഗവും ജനറൽ സെക്രട്ടറിയും, കേരള കോൺഗ്രസ് (എം) ചെയർമാൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം, സംസ്ഥാന നിയമപരിഷ്‌കാര കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ധനകാര്യവും നിയമവും വകുപ്പുമന്ത്രി (1975-77), ആഭ്യന്തരവും തുറമുഖവും വകുപ്പുമന്ത്രി (ഏപ്രിൽ 1977- ഡിസംബർ 1977, സെപ്റ്റംബർ 1978-ജൂലൈ 1979), ധനവും നിയമവും വകുപ്പുമന്ത്രി (ജനുവരി 1980-ഒക്ടോബർ 1981), ധനവും നിയമവും ഗതാഗതവും വകുപ്പുമന്ത്രി (ഡിസംബർ 1981-മാർച്ച് 1982), ധനവും നിയമവും വകുപ്പുമന്ത്രി (മെയ് 1982-മാർച്ച് 1986), ജലസേചനവും നിയമവും നഗരകാര്യവും വകുപ്പുമന്ത്രി (ജൂൺ 1986-മാർച്ച് 1987), റവന്യൂവും നിയമവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി (ജൂൺ 1991-മെയ്1996, മെയ് 2001-മെയ് 2006), ധനവും നിയമവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി (മെയ് 2011-നവംബർ 2015) എന്നീ പദവികൾ അലങ്കരിച്ചു. 52 വർഷക്കാലം തുടർച്ചയായി 13 തെരഞ്ഞെടുപ്പുകളിൽ ഒരേ നിയോജകമണ്ഡലത്തിൽനിന്നും വിജയിക്കുകയും 25 വർഷം മന്ത്രിയാകുകയും ചെയ്തു. ധനമന്ത്രി എന്ന നിലയിൽ 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വിജയിച്ചു. 1967, 1970, 1977, 1980, 1982, 1987, 1991, 1996, 2006, 2011, 2016 എന്നീ വർഷങ്ങളിലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമധികം കാലം ഒരു നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സാമാജികനാണ് ശ്രീ. കെ.എം. മാണി. കേരള നിയമസഭയിൽ ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ചത് മാണിസാറാണ് (13 എണ്ണം). കേരള നിയമസഭയിൽ ഏറ്റവുമധികം കാലം മന്ത്രിയായിരുന്ന സാമാജികനാണ് മാണിസാർ. കർഷകർക്ക് പെൻഷൻ, വിധവാ പെൻഷൻ, കാരുണ്യ പദ്ധതി തുടങ്ങി നിരവധി ഭരണപരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചു.
ബ്രിട്ടീഷ് പാർലമെൻറിൽ ‘അദ്ധ്വാനവർഗ്ഗ സിദ്ധാന്തം’ അവതരിപ്പിച്ചു. മാർക്‌സിൻറെ തൊഴിലാളി വർഗ്ഗ സിദ്ധാന്തത്തിൻറെ ചുവടുപിടിച്ച് മാണിസാർ അവതരിപ്പിച്ച ‘അദ്ധ്വാനവർഗ്ഗ സിദ്ധാന്തം’ ഒട്ടേറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്.
കേരളം കണ്ട ഏറ്റവും സീനിയറായ പരിണിതപ്രജ്ഞനായ സാമാജികനായിരുന്നു മാണിസാർ. 15.03.2017-ൽ കേരള നിയമസഭയിൽ 50 വർഷങ്ങൾ പിന്നിട്ട് ചരിത്രം സൃഷ്ടിച്ചു ശ്രീ കെ.എം. മാണി’- ശീരാമകൃഷ്ണൻ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top