പേരക്കുട്ടികൾക്കൊപ്പം വീടിനകത്ത് പന്തുകളിച്ച് കെഎം മാണി

പേരക്കുട്ടികൾക്കൊപ്പം വീടിനകത്ത് പന്തുകളിക്കുന്ന കെ.എം.മാണിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. ഊർജ്ജസ്വലതയോടെ പന്തുതട്ടുന്നതിനിടെ കാലിൽ നിന്ന് ചെരിപ്പ് തെറിചച് പോകുന്നതും, ചെരിപ്പെടുത്തുകൊണ്ട് വാടാ എന്നും ഞാൻ വലിയ ഫുട്‌ബോളറായിരുന്നുവെന്നും മാണി വീഡിയോയിൽ പറയുന്നുണ്ട്.
മാണിയുടെ നിര്യാണത്തിന് പിന്നാലെ പുറത്തുവന്ന ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ട് 4.57നായിരുന്നു കെഎം മാണിയുടെ അന്ത്യം. 86 വയസ്സായിരുന്നു. രാവിലെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു. രാവിലെ ശ്വാസോഛ്വാസം സാധാരണ നിലയിലായതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൺപത്തിയാറുകാരനായ മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. നാളെ വൈകീട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രലിൽ വെച്ചാണ് കെഎം മാണിയുടെ സംസ്‌കാരം.
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണി മാണിയാണ് ആദ്യം കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്. ഇലയ്ക്കാട് മണ്ഡലം കോൺഗ്രസിൻറെ പ്രസിഡൻറായാണ് അധികാരരാഷ്ടീയത്തിൽ ഹരിശ്രീ കുറിച്ചത്. 1959 ൽ കെ.പി.സി.സി അംഗമായ കെ എം മാണി വൈകാതെ കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയുമായി.
പി ടി ചാക്കോയുടെ മരണത്തിന് പിന്നാലെ ചാക്കോയോട് കോൺഗ്രസ് നീതിപുലർത്തിയില്ലെന്ന് ആരോപിച്ച് 1964 ഒക്ടോബർ 9 ന് കേരള കോൺഗ്രസിന് തിരുനക്കര മൈതാനിയിൽ തിരി കൊളുത്തുമ്പോൾ, ജില്ലാ പ്രസിഡൻറായിരുന്ന കെ എം മാണി കോട്ടയം ഡി സിസിയെ പൂർണ്ണമായി കേരള കോൺഗ്രസാക്കി. അങ്ങനെ കേരള രാഷ്ട്രീയത്തിൻറെ ഭാഗധേയം മാറ്റിക്കുറിച്ച കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവുമായി കെ. എം മാണി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here