Advertisement

അമിത് ഷായുടെ വയനാട് പരാമർശം അപകടകരമെന്ന് കോടിയേരി

April 11, 2019
Google News 1 minute Read

ബിജെപി അധ്യക്ഷൻ അമിത് ഷാ വയനാടിനെപ്പറ്റി നടത്തിയ പരാമർശം അപകടകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാം വർഗീയമായ രീതിയിൽ കാണുന്നതാണ് ആർഎസ്എസിന്റെ രീതി. വിഷം തുപ്പുന്ന വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും ഇതിനെതിരെ അഖിലേന്ത്യാ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടിൽ ഉപയോഗിച്ചതെന്ന് മുസ്ലീം ലീഗിന്റെ നേതാക്കൾ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also; രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലോ അതോ പാക്കിസ്ഥാനിലോ?; അമിത് ഷായുടെ പരാമര്‍ശം വിവാദമാകുന്നു

ആർഎസ്എസിന്റെ ഇത്തരം പ്രചാരണങ്ങളെ തടയാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.നാമനിർദേശ പത്രിക നൽകാനായി വയനാട്ടിലെത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അമിത് ഷായുടെ വിവാദ പരാമർശമുണ്ടായത്. വയനാട് ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോയെന്നായിരുന്നു റോഡ് ഷോയിലെ മുസ്ലീം ലീഗിന്റെ പതാകകളെ ഉദ്ദേശിച്ച് അമിത് ഷായുടെ ചോദ്യം.

Read Also; വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് രാഹുല്‍ ഗാന്ധി അറിയാന്‍ പോകുന്നതേയുള്ളൂ; കോണ്‍ഗ്രസിന് പിണറായി വിജയന്റെ മറുപടി

റോഡ് ഷോ കണ്ടാൽ അതു നടന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും അത്തരമൊരു സീറ്റാണ് രണ്ടാം മണ്ഡലമായി രാഹുൽ തെരഞ്ഞെടുത്തതെന്നുമായിരുന്നു അമിത് ഷായുടെ പരാമർശം. നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു പരാമർശം. എന്നാൽ അമിത് ഷായ്ക്ക് വയനാടിനെപ്പറ്റി ഒന്നുമറിയില്ലെന്നും എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്ന സ്ഥലമാണിതെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ  പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here