സോണിയാ ഗാന്ധിയും സ്മൃതി ഇറാനിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്ന സോണിയാ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാകും സോണിയ നാമനിർദേശ പത്രിക സമർപ്പിക്കുക. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ സോണിയയുടെ എതിരാളി.അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന റായ്ബറേലിയിൽ മെയ് ആറിനാണ് വോട്ടെടുപ്പ്.
Read Also; സോണിയ ഗാന്ധി റായ്ബറേലിയില്‍, രാഹുല്‍ അമേഠിയില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക
അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുതിർന്ന ബിജെപി നേതാക്കൾക്കും ഒപ്പമെത്തിയാണ് സ്മൃതി പത്രിക നൽകുക. യോഗി ആദിത്യനാഥിനൊപ്പം സ്മൃതിയുടെ റോഡ് ഷോയുമുണ്ടാകും. മെയ് ആറിനു തന്നെയാണ് അമേഠിയിലും വോട്ടെടുപ്പ്.
അമേഠിയിലെ സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക നൽകിയത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രാഹുൽ മത്സരിക്കുന്ന അമേഠിയിലും ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. റായ്ബറേലിയിൽ സോണിയാ ഗാന്ധിക്ക് ഇത്തവണയും കാര്യമായ വെല്ലുവിളി പ്രതീക്ഷിക്കുന്നില്ലെങ്കിലും അമേഠിയിൽ രാഹുലിനെതിരെ കടുത്ത പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here