‘പിഎം’ മോദിക്ക് പിന്നാലെ നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; രാഷ്ട്രീയ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പിഎം മോദി എന്ന ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയും പരിപാടികൾ സംപ്രേഷണം ചെയ്യുന്ന നമോ ടിവിക്കും പൂട്ടിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികൾ പ്രക്ഷേപണം ചെയ്യരുതെന്നാണ് ഉത്തരവ്.
ഇലക്ട്രോണിക് മാധ്യമങ്ങളിൽ സർട്ടിഫിക്കറ്റ് ചെയ്യപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ ഇനി സാധിക്കു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദർശിപ്പിക്കാവൂ എന്നും നിർദേശമുണ്ട്.
24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാന ലാണു നമോ ടിവി. പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്റെ സമർപ്പണം നിർവഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, റാലികൾ, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണു പരിപാടികൾ.
അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here