‘ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പ്രസ്താവന സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്നത്’ ; രൂക്ഷ വിമർശനവുമായി പൂജ ഭട്ട്

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ രൂക്ഷമായി വിമർശിച്ച് നടി പൂജാ ഭട്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പൂജാ ഭട്ട് ഇക്കാര്യം പറഞ്ഞത്. വീണ്ടും ബിജെപി അധികാരം നേടിയാൽ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് തുരത്തുമെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെയാണ് നടി പൂജാ ഭട്ട് രംഗത്ത് വന്നത്.

അമിത് ഷായുടെ പരാമർശം വർഗീയമല്ലെങ്കിൽ പിന്നെന്താണ്. ഇത് സാമൂഹിക വിഭജനത്തിന് കാരണമാകുന്നു. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കിൽ പിന്നെ എന്താണ്. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായി പൂജാ ഭട്ട് ട്വീറ്ററിലെഴുതി.

ഹിന്ദു ബുദ്ധമത വിശ്വാസികളല്ലാത്ത നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. പ്രസ്ഥാവനക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

2019 ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ രാജ്യവ്യാപകമായി പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും, ഹിന്ദു ബുദ്ധമത വിശ്വാസികൾ ഒഴികെയുള്ള നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഇത് ബിജെപി ഒദ്യോഗികമായി ട്വീറ്റ് ചെയ്യുകയുമുണ്ടായി.

അമിത് ഷായുടെ വർഗീയ പരാമർശത്തെ ഉദ്ധരിച്ച് ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രചരണം ആരംഭിച്ചു. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അമിത് ഷാ യുടെ പരാമർശത്തിലൂടെ പാർട്ടിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായെന്നും കോൺഗ്രസ് പ്രതികരിച്ചു. രാജ്യത്തിന്റെ ഏകത നശിപ്പിച്ച്, വൈവിധ്യമായ വിശ്വാസം, സംസ്‌കാരം എന്നിവയെ തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദ്ദുദ്ദീൻ ഒവൈസി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top