ബിഷപ്പ് ഫ്രാങ്കോ കേസിലെ സാക്ഷി ലിസി വടക്കേലിന് പ്രത്യേക സംരക്ഷണം കൊടുക്കാന്‍ കോടതി ഉത്തരവ്

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി. കോട്ടയം ജില്ല കോടതിയുടെതാണ് ഉത്തരവ്. കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ലിസിയെ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സിസ്റ്റര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയശേഷം ലിസിയെ പുതിയ താമസസ്ഥലത്തേക്ക് മാറ്റാനാണ് കോടതിയുടെ ഉത്തരവ്. അപായസാധ്യത നിലനില്‍ക്കുന്നതും കരുതല്‍ വേണ്ടതുമായ ഗ്രൂപ്പില്‍ ആണ് ലിസി വടക്കേലിനെ കോടതി പരിഗണിച്ചിരിക്കുന്നത്.

2018 ഡിസംബര്‍ ആഞ്ചിന് സുപ്രിം കോടതി പുറപ്പെടുവിച്ച വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ഇന്ത്യയില്‍ ഉണ്ടാകുന്ന ആദ്യത്തെ കോടതി ഉത്തരവ് ആണ് ലിസിയുടെ കാര്യത്തില്‍ കോട്ടയം ജില്ല കോടതി നടത്തിയിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായക സാക്ഷിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ് സി സി) അംഗമായ സി. ലിസി വടക്കേല്‍. ബിഷപ്പിനെതിരേ മൊഴി നല്‍കിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ പിന്നാലെ ഇവരെ എഫ്‌സിസിയുടെ വിജയവാഡ പ്രോവിന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ വച്ച് തനിക്ക് മാനസികവും വൈകാരികവുമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് പോരുകയാണുണ്ടായതെന്നും സി. ലിസി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top